Saturday, March 21, 2026
Breaking News
Football, Indian Super League

നിശബ്ദമായി കലൂർ; മഞ്ഞപ്പടയുടെ ബഹിഷ്കരണത്തിൽ ശവപ്പറമ്പ് പോലെ സ്റ്റേഡിയം

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മാച്ച് തുടങ്ങാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം ഇതുവരെ കാണാത്ത നിശബ്ദതയിൽ. ടീം മാനേജ്‌മെന്റിന്റെ തുടർച്ചയായ വീഴ്ചകളിലും ക്ലബ്ബിന്റെ മോശം പ്രകടനത്തിലും പ്രതിഷേധിച്ച് പ്രമുഖ ഫാൻസ് ഗ്രൂപ്പുകൾ മത്സരം ബഹിഷ്കരിച്ചതോടെ സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ വിജനമായി.


ആരവങ്ങളില്ല, ബാനറുകളില്ല; പ്രതിഷേധം കത്തുന്നു
സാധാരണ മത്സരം തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപേ മഞ്ഞക്കടലായി മാറുന്ന കലൂർ സ്റ്റേഡിയം ഇന്ന് ശവപ്പറമ്പ് പോലെ നിശബ്ദമാണ്. ആരാധകർ ഒഴിഞ്ഞുമാറിയതോടെ ഗാലറികളിൽ പതിവ് ആവേശമോ ആരവങ്ങളോ ഇല്ല. ടീമിന് ആത്മവീര്യം പകർന്നിരുന്ന കൂറ്റൻ ബാനറുകളും പതാകകളും ഇത്തവണ സ്റ്റേഡിയത്തിൽ ഒരിടത്തും ദൃശ്യമല്ല. മാനേജ്‌മെന്റിനോടുള്ള കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കാൻ ഗാലറികൾ ശൂന്യമായിട്ടിടുക എന്ന തീരുമാനത്തിലാണ് ആരാധകർ.

രണ്ടാം സ്ഥാനത്ത്… പക്ഷേ താഴെ നിന്ന്!
നിലവിൽ പോയിന്റ് ടേബിളിൽ അവസാനത്തിന് തൊട്ടടുത്ത സ്ഥാനത്താണ് (Second Last)

കേരള ബ്ലാസ്റ്റേഴ്‌സ്. ഓരോ കളി കഴിയുന്തോറും നില മെച്ചപ്പെടുത്തുന്നതിന് പകരം തകർച്ചയിലേക്ക് കൂപ്പുകുത്തുന്ന ടീമിന്റെ അവസ്ഥ ആരാധകരെ അങ്ങേയറ്റം വേദനിപ്പിക്കുന്നു. ഇതേ പോക്കാണ് തുടരുന്നതെങ്കിൽ അടുത്ത സീസണിൽ ഐഎസ്എൽ വിട്ട് ഐ-ലീഗിൽ (I-League) കളിക്കേണ്ടി വരുമെന്ന നാണക്കേടിന്റെ വക്കിലാണ് കൊമ്പന്മാർ. ഈ ഒരു സാഹചര്യം മുൻകൂട്ടി കണ്ടിട്ടും മാനേജ്‌മെന്റ് കാണിക്കുന്ന നിസ്സംഗതയാണ് ആരാധകരെ പ്രകോപിപ്പിച്ചത്


മാനേജ്‌മെന്റിന്റെ കച്ചവടക്കണ്ണിനെതിരെ ആരാധകർ
കഴിഞ്ഞ കുറെ സീസണുകളായി കിരീടമില്ലാതെ ഉഴറുന്ന ടീമിനെ നന്നാക്കാൻ ശ്രമിക്കാതെ, കേവലം ലാഭത്തിൽ മാത്രം കണ്ണുവെക്കുന്ന മാനേജ്‌മെന്റ് സമീപനമാണ് ആരാധകരെ ചൊടിപ്പിച്ചത്. കൃത്യമായ പ്ലാനിംഗോ മികച്ച താരങ്ങളെ ടീമിലെത്തിക്കാനുള്ള താല്പര്യമോ അധികൃതർ കാണിക്കുന്നില്ലെന്ന് ഫാൻസ് ഗ്രൂപ്പുകൾ ആരോപിക്കുന്നു. ആരാധകരുടെ വികാരങ്ങളെ വിലകല്പിക്കാത്ത മാനേജ്‌മെന്റിനുള്ള ശക്തമായ താക്കീതാണ് ഇന്നത്തെ ഈ ശൂന്യമായ ഗാലറികൾ.


മാറ്റങ്ങൾക്കായി മുറവിളി കൂട്ടുന്ന ആരാധകരെ ഇനിയും അവഗണിക്കാൻ മാനേജ്‌മെന്റിനാവില്ല എന്ന സത്യമാണ് ഇന്നത്തെ കൊച്ചിയിലെ അന്തരീക്ഷം വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *