റഷ്യക്കെതിരെ കടുത്ത നടപടികളുമായി ഫുട്ബോൾ ഫെഡറഷനുകൾ....
ഉക്രെയ്നിലെ സൈനിക അധിനിവേശത്തെത്തുടർന്ന് ഫിഫയും യുവേഫയും റഷ്യൻ ടീമുകളെ അന്താരാഷ്ട്ര, ക്ലബ് ഫുട്ബോളിൽ മത്സരിക്കുന്നതിൽ നിന്നും ഒഴിവാക്കി.തിങ്കളാഴ്ച വൈകുന്നേരം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ, രണ്ട് ഭരണസമിതികളും എല്ലാ റഷ്യൻ ടീമുകളെയും,രാജ്യത്തെ പ്രതിനിതീകരിക്കുന്ന ടീമുകളോ ക്ലബ് ടീമുകളോ ആകട്ടെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഫിഫ, യുവേഫ മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് സസ്പെൻഡ് ചെയ്തുവെന്ന് അറിയിച്ചു.
ഫുട്ബോൾ ഇവിടെ പൂർണ്ണമായും ഏകീകൃതമാണെന്നും ,ഉക്രെയ്നിലെ ദുരിതബാധിതരായ എല്ലാ ആളുകളോടും തങ്ങൾ പൂർണമായ ഐക്യദാർഢ്യത്തിലാണ്. (ഫിഫയുടെയും യുവേഫയുടെയും)രണ്ട് പ്രസിഡന്റുമാരും ഉക്രെയ്നിലെ സ്ഥിതി ഗണ്യമായി വേഗത്തിൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, അതുവഴി ഫുട്ബോളിന് വീണ്ടും ആളുകൾക്കിടയിൽ ഐക്യത്തിനും സമാധാനത്തിനും വഴിവെക്കാന് കഴിയുമെന്നും കൂട്ടിച്ചേർത്തു.
റഷ്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ഗ്യാസ് കോർപ്പറേഷനായ ഗാസ്പ്രോമുമായുള്ള എല്ലാ പങ്കാളിത്തവും യുവേഫ അവസാനിപ്പിച്ചു.“എല്ലാ മത്സരങ്ങളിലും ഗാസ്പ്രോമുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കാൻ യുവേഫ ഇന്ന് തീരുമാനിച്ചു. തീരുമാനം ഉടനടി പ്രാബല്യത്തിൽ വരും, യുവേഫ ചാമ്പ്യൻസ് ലീഗ്, യുവേഫ ദേശീയ ടീം മത്സരങ്ങൾ, യുവേഫ യൂറോ 2024 എന്നിവയുൾപ്പെടെ നിലവിലുള്ള എല്ലാ കരാറുകളും അതിൽ ഉൾക്കൊള്ളുന്നു."2012 മുതൽ നിലവിലുള്ള സ്പോൺസർഷിപ്പ് കരാർ,ഓരോ സീസണിലും ഏകദേശം 40 ദശലക്ഷം യൂറോ വിലമതിക്കുന്നതാണെന്നാണ് റിപ്പോർട്ടുകൾ. ജർമ്മൻ ക്ലബ് ഷാൽക്കെ 04 ഗാസ്പ്രോമുമായുള്ള 15 വർഷത്തെ സ്പോൺസർഷിപ്പ് കരാർ നേരത്തെ അവസാനിപ്പിച്ചിരുന്നു, അതേസമയം റഷ്യൻ എയർലൈൻ എയറോഫ്ലോട്ടുമായുള്ള കരാറിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും പിന്മാറിയതായി പ്രഖ്യാപിച്ചു.
സ്പാർട്ടക് മോസ്കോയുടെ സസ്പെൻഷൻ മൂലം റെഡ്ബുൾ ലെപ്സിഗ് യൂറോപ്പ ലീഗിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും.തിങ്കളാഴ്ച രാവിലെ, അയർലണ്ട് ഫുട്ബാൾ അസോസിയേഷനുൾപ്പെടെ 10 ഫുട്ബോൾ അസോസിയേഷനുകൾ, മാർച്ച് 24 ന് നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ റഷ്യയുമായി കളിക്കാനുള്ള പോളണ്ടിന്റെ വിസമ്മതത്തെ പിന്തുണച്ചിരുന്നത് ശക്തമായ ഉപരോധങ്ങളുമായി പ്രതികരിക്കാനുള്ള ഫിഫയുടെ നീക്കത്തിന് കൂടുതൽ ബലം നൽകി.
2022 ലെ ഖത്തർ ലോകകപ്പിലേക്ക് മത്സരിക്കാൻ റഷ്യയെ അനുവദിച്ചാൽ സ്വീഡനും ചെക്ക് റിപ്പബ്ലിക്കും മാർച്ച് 25ന് നടക്കുവാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്ന് പിന്മാറുമെന്ന് നേരത്തെ അറിയിച്ചിരുന്നു.