കേരളബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ ഹീറോയോ ഹോർമിപാം…

കേരളബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ ഹീറോയോ ഹോർമിപാം…

"ഞങ്ങൾക്കുമുണ്ടെടാ ഒരു സൂപ്പർ ഹീറോ" മിന്നൽ മുരളി എന്ന മലയാളം സിനിമയിലെ ഡയലോഗാണിത്. രസകരമായ മുഖമൂടി ധരിച്ചു കഴിഞ്ഞ ദിവസം ട്രൈനിങ്ങിനിറങ്ങിയ ഹോർമിപാമിനെ കണ്ടപ്പോൾ ശെരിക്കുമൊരു കുഞ്ഞൻ സൂപ്പർ ഹീറോയുടെ ലുക്ക്‌ ആയിരുന്നു.ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഡിഫെൻസിനെ രക്ഷിക്കാൻ വന്ന ശെരിക്കുമൊരു സൂപ്പർ ഹീറോ തന്നെയാണ് ഹോർമീപാം.

ഡിഫെൻസീവ് കുന്തമുനയാകുമെന്ന് പ്രതീക്ഷിച്ചു കേരളബ്ലാസ്റ്റർസ് സിപോവിച്ചിനെ സൈൻ ചെയ്തത് ഈ സീസണിലാണ്. എന്നാൽ പരിക്കുമൂലം സിപോവിച് ടീമിൽ നിന്നും പുറത്തായപ്പോൾ പല ഡിഫെൻസീവ് താരങ്ങളെയും ഇവാൻ മാറ്റി പരീക്ഷിച്ചു.പലതവണ ഡിഫൻസ് ആടി ഉലയുന്നത് നമ്മൾ കണ്ടതാണ്. അങ്ങനെ ഇരിക്കുമ്പോഴാണ് കുറക്കന്മൂലയെ രക്ഷിക്കാൻ വന്ന മിന്നൽ മുരളിയേപോലെ ഹോർമിപാമിന്റെ അവതാരം. പിന്നീടങ്ങോട്ട് ലെസ്കോവിച് ഹോർമിപാം സഖ്യം വളരെ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്.

ഹോർമിപാമും ലെസ്കോവിച്ചും ഒന്നിച്ചു കളിച്ച മത്സരങ്ങളിൽ ഒരു ഓപ്പൺ പ്ലേ ഗോൾപോലും കേരളം വഴങ്ങിയിട്ടില്ല.പരിക്കു മാറിയെങ്കിലും സിപോവിച് ബെഞ്ചിലിരുന്ന് ഹോർമിപാമിന്റെ കളി കാണുന്നു എന്നുള്ളത് തന്നെ ഹോർമിപാമിന്റെ ക്വാളിറ്റി വ്യക്തമാക്കുന്നു.ഐഎസ്എൽ ൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാവി എന്താണെങ്കിലും ഈ സീസൺ തീരുന്നതോടു കൂടി ഏറ്റവും കൂടുതൽ ചർച്ചചെയ്യാൻ പോകുന്നത് ഹോർമിപാം എന്നുള്ള പേരു തന്നെ ആയിരിക്കും.

മണിപ്പൂരിലെ സോംദാൽ സ്വദേശിയായ ഹോർമിപം റൂയിവ മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചതിന് ശേഷം 2021 ഏപ്രിലിലാണ് ഹീറോ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ എത്തുന്നത്.സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലും മിനർവ പഞ്ചാബിലുമാണ് സെന്റർ ബാക്കായ ഹോർമിപാം കേരള ബ്ലാസ്റ്റർസിൽ എത്തുന്നതിനുമുന്നേ കളിച്ചിരുന്നത്.2019-ൽ നേപ്പാളിൽ നടന്ന SAFF U-18 ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു.