മഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നിറങ്ങുന്നു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുൻ ചാമ്പ്യൻമാരായ മഞ്ചസ്റ്റർ യുണൈറ്റഡ് സതാംപ്ടണെ നേരിടും. മഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിൽ ഇന്ത്യൻ സമയം ഇന്ന് വൈകുന്നേരം 6മണിക്കാണ് മത്സരം. വിന്റർ ബ്രേക്കിനു മുന്നോടിയായി ബ്രെന്റ്ഫോർഡിനെതിരേയും വെസ്റ്റ്ഹാമിനെതിരെയും തുടർച്ചയായ രണ്ട് മത്സരങ്ങൾ വിജയിച്ച യുണൈറ്റഡ് എഫ് എ കപ്പിൽ മിഡിൽസ്ബ്രോയ്ക്കെതിരെ പരാജയപ്പെട്ടിരുന്നു.
അവസാന പ്രീമിയർ ലീഗ് മത്സരത്തിൽ ബേൺലിയുമായി അവരുടെ ഹോം ഗ്രൗണ്ടായ ടർഫ് മൂറിൽ 1-1 സമനിലയും വഴങ്ങിയിരുന്നു. ആ മത്സരത്തിൽ പോൾ പോഗ്ബ യുണൈറ്റഡിന് ലീഡ് നൽകിയെങ്കിലും രണ്ടാം പകുതിയിൽ ജയ് റോഡ്രിഗസിന്റെ ഗോളിൽ ബേൺലി സമനില പിടിക്കുകയായിരുന്നു.
പ്രീമിയർ ലീഗിൽ ഈ സീസണിൽ യുണൈറ്റഡിന് 15 മത്സരങ്ങൾ ഇനിയും ബാക്കിയുണ്ട്. ചാമ്പ്യൻസ് ലീഗിന് വേണ്ടിയുള്ള ആദ്യ നാല് സ്ഥാനങ്ങളിൽ ഏതെങ്കിലുമൊന്ന് സുരക്ഷിതമാക്കണമെങ്കിൽ കുഞ്ഞൻ ടീമുകൾക്കെതിരെ പോയിന്റ് നഷ്ടപ്പെടുത്താതിരിക്കണം. ചൊവ്വാഴ്ച ബേൺലിയോട് സമനില വഴങ്ങിയതോടെ യുണൈറ്റഡ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി.
അവസാന മത്സരത്തിൽ ടോട്ടൻഹാമിനെ 3-2ന് തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് സതാംപ്ടൺ.ഈ മത്സരത്തിൽ നിന്ന് അവർ മറ്റൊരു നല്ല ഫലം പ്രതീക്ഷിക്കുന്നു.