കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ ടീമിന്റെ സാധ്യത എങ്ങനെ??
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ ടീമിന്റെ സാധ്യത എങ്ങനെ??
കോമൺവെൽത്ത് ഗെയിംസിന്റെ 2022 പതിപ്പ് ജൂലൈ 28 ന് ബർമിംഗ്ഹാമിൽ ആരംഭിക്കാനിരിക്കെ കോമൺവെൽത്ത് ചരിത്രത്തിലാദ്യമായി വനിതാ ക്രിക്കറ്റ് കോമൺവെൽത്ത് മത്സരങ്ങളിൽ ഇടംപിടിച്ചിരിക്കുകയാണ്. സ്വർണ്ണം, വെള്ളി, വെങ്കലം എന്നിവ നേടാൻ എട്ട് ടീമുകളാണ് പരസ്പരം മത്സരിക്കുക. ടി20 ഫോർമാറ്റിൽ 10 ദിവസങ്ങളിലായി 16 മത്സരങ്ങളാണ് നടക്കുക.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ വനിതകൾ CWG പോലുള്ള പ്ലാറ്റ്ഫോമിൽ തങ്ങളുടെ പേരും പ്രശസ്തിയും വലുതാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യക്ക് ഇതുവരെ ഒരു ഐസിസി ടൂർണമെന്റ് പോലും ജയിക്കാൻ ആയിട്ടില്ല.CWG 2022 ലെ ഒരു സ്വർണ്ണ മെഡൽ ലോക ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റേയും കളിക്കാരുടെയും ഗതി മാറ്റാൻ തന്നെ ഉതകുന്ന ഒരു നേട്ടമായിരിക്കും. ലോക ക്രിക്കറ്റിൽ വലിയ ഒരു കുതിച്ചു ചാട്ടത്തിനായി ഇന്ത്യ കൊതിക്കുന്നുണ്ട്. 2020 ലെ ഐസിസി വനിതാ ടി20ലും , 2017 ഏകദിന ലോകകപ്പിലും ഫൈനലിൽ ഇന്ത്യൻ പെൺ പടയുടെ കാൽ ഇടറിയിരുന്നു. ഇതുവരെ ഒരു ടൂർണമെന്റിലും ചാമ്പ്യൻമാർ ആകാൻ ഇന്ത്യൻ ടീമിന് സാധിച്ചിട്ടില്ല.
വിമൻ ഇൻ ബ്ലൂവിന് ചാമ്പ്യൻമാർ ആകുവാനുള്ള മികച്ച അവസരമാണ് ഈ ടൂർണമെന്റ്.എന്നാൽ അതേ സമയം ഇതത്ര എളുപ്പമല്ല.ചാമ്പ്യൻമാർ ആകുന്നതിനു അവർക്ക് ചില തടസ്സങ്ങളും നേരിടേണ്ടി വരും.കാരണം മുന്നോട്ടുള്ള യാത്ര ഒരിക്കലും അത്ര ലളിതമല്ല.
ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ ശക്തി അവരുടെ നായകൻ- ഹർമൻപ്രീത് കൗറായിരിക്കും. മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഇന്ത്യയുടെ എല്ലാ ഫോർമാറ്റിലെയും ക്യാപ്റ്റനാണ് കൗർ. ബാറ്റിംഗിൽ മികച്ച ഫോമിലുള്ള കൗർ CWG-യിൽ ഇന്ത്യയുടെ റൺ വേട്ടക്ക് പ്രധാന പങ്ക് വഹിക്കാൻ സാധ്യതയുണ്ട്. ശ്രീലങ്കയ്ക്കെതിരായ ഏകദിന, ടി20 ഐ പരമ്പര വിജയത്തിലേക്ക് ടീമിനെ നയിച്ചത് കൗറിന്റെ മികച്ച ക്യാപ്റ്റൻസിയാണ്.
ഇന്ത്യൻ ടീമിലെ തന്നെ ഏറ്റവും കൂടുതൽ വിജയ തീക്ഷണതയുള്ള താരമാണ് കൗർ. .കൗർ ഇന്ത്യൻ ടീമിൽ ചേർന്നത് മുതൽ ഇന്ത്യയുടെ നിർണായക ഘടകമാണ്.താരത്തിന്റെ നേതൃത്വ ശൈലി,ബാറ്റിങ്ങിലും ബൗളിങ്ങിലുമുള്ള ഫോം എന്നിവയാണ് ഇന്ത്യയ്ക്ക് ഗുണം ചെയ്യാൻ സാധ്യതയുള്ള ഘടകങ്ങൾ.
ഇന്ത്യയുടെ ഏറ്റവും വലിയ പോരായ്മ അവരുടെ സ്ഥിരതയില്ലാത്ത പ്രകടനമാണ്.കളിക്കാർ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാത്തത് ഇന്ത്യൻ ടീമിനെ വളരെ അധികം അലട്ടുന്നുണ്ട്.ഇന്ത്യയുടെ ഫീൽഡിംഗ് വേണ്ടത്ര പ്രകടനം കാഴ്ച്ച വെച്ചിട്ടില്ല. പക്ഷെ ബാറ്റിങ്ങിലായാലും ബോളിങ്ങിലായാലും മധ്യ ഓവറുകളിൽ ഇന്ത്യ എപ്പോഴും പ്രശ്നങ്ങൾ നേരിടാറുണ്ട്.
മധ്യ ഓവറുകളിൽ റൺസ് നേടുന്നതിൽ ബാറ്റർമാർ വളരെ അധികം പ്രയാസപ്പെടുന്നുണ്ട് . രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടാൽ ബാറ്റിംഗ് യൂണിറ്റ് തകരുക പതിവാണ്.മറുവശത്ത്, ബൗളർമാർ മധ്യ ഓവറുകളിൽ പിഴവുകൾ വരുത്തുകയും റൺസ് വിട്ട് നൽകുകയും ചെയ്യുന്നു. മിഡിൽ ഓവറുകളിൽ ഇന്ത്യക്ക് വിക്കറ്റ് വീഴ്ത്തുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിനോടൊപ്പം റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാണിക്കുകയും ചെയ്താൽ എതിരാളികൾ ഇന്ത്യയെ തോല്പിക്കാൻ പാടു പെടും എന്നുള്ളത് ഉറപ്പാണ്.
ഇന്ത്യക്ക് മാത്രമല്ല മത്സരിക്കുന്ന 8 ടീമുകൾക്കും ഒന്നാമതായി ഫിനിഷ് ചെയ്യാൻ അവസരമുണ്ട്. ഇതുവരെ ഒരു പ്രധാനപെട്ട ട്രോഫി പോലും നേടിയെടുക്കാത്ത ഇന്ത്യൻ ടീമിനെ സംബന്ധിച്ചെടുത്തോളം മികച്ച അവസരമാണ് CWG2022.സ്വർണം മെഡൽ നേടാൻ സാധിച്ചില്ലെങ്കിലും രണ്ടോ മുന്നോ സ്ഥാനത്ത് വന്നാൽ പോലും പോഡിയത്തിൽ ഇടാൻ നേടാൻ ഇന്ത്യക്ക് സാധിക്കും.
CWG 2022 ൽ ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണി അവരുടെ ബദ്ധവൈരികളായ ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കുമെതിരായിട്ടുള്ള മത്സരങ്ങളായിരിക്കും.ഈ രണ്ടു ടീമുകളെയും മറികടക്കാൻ ആയാൽ ഇന്ത്യ ചാമ്പ്യൻമാർ ആകുമെന്നുള്ളത് ഉറപ്പാണ്.