ക്ലബ് ലോകകപ്പ് കിരീടം ചെല്‍സിക്ക്

ക്ലബ് ലോകകപ്പ് കിരീടം ചെല്‍സിക്ക്
ചെല്‍സിക്ക് തങ്ങളെ തന്നെ ഇനിമുതല്‍ ലോക ചാമ്പ്യന്‍മാര്‍ എന്നു വിളിക്കാം.ഒന്‍പതുവര്‍ഷങ്ങള്‍ക്ക് മുന്നേ ക്ലബ് ലോകകപ്പിന്റെ ഫൈനലില്‍ കോരിന്ത്യൻസിനോട് തോറ്റ ചെൽസി ഇന്ന് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. മുഴുവൻ സമയ വിസിൽ മുഴങ്ങിയപ്പോൾ ചെൽസി ഫുട്ബോൾ ക്ലബ്ബിന്റെ ദീർഘ കാലത്തെ കാത്തിരിപ്പിനാണ് വിരാമമായത്.അബ്രാമോവിച്ച് യുഗത്തിൽ കിട്ടാക്കനിയായിരുന്ന ട്രോഫി കൂടി ചെൽസിയുടെ ട്രോഫി ക്യാബിനറ്റിൽ എത്തിയിരിക്കുന്നു.

അബുദാബിയില്‍ നടന്ന മല്‍സരത്തില്‍ ബ്രസീലിയന്‍ ക്ലബ് ആയ പാൽമീറസ് എഫ്‌സി യെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് യുറോപ്പ്യന്‍ ചാമ്പ്യന്‍മാരായ ചെല്‍സി തോല്‍പ്പിച്ചത് .ആദ്യ പകുതി സമനിലയില്‍ പിരിഞ്ഞപ്പോള്‍ ആവേശകരമായ രണ്ടാം പകുതിയുടെ 55ആം മിനിറ്റില്‍ ലൂക്കാക്കുവിന്‍റെ മനോഹരമായ ഹെഡര്‍ ഗോളില്‍ ചെല്‍സി ലീഡ് നേടുകയായിരുന്ന്.എന്നാല്‍ പൊരുതികളിച്ച പാൽമീറസ് എഫ്‌സി 64ആം മിനിറ്റിൽ തിയാഗോ സിൽവയുടെ ഹാൻഡ്‌ബോളിനു ലഭിച്ച പെനാൽറ്റി റാഫൽ വേഗ ഒരു തെറ്റും കൂടാതെ വളരെ മികച്ച രീതിയിൽ വലക്കുള്ളിലാക്കി മത്സരത്തിലേക്ക് തിരിച്ചുവന്നു.90 മിനിറ്റുകൾ അവസാനിച്ചപ്പോഴും ആദ്യ പകുതിയിലേത് പോലെതന്നെ സമനിലയിലായിരുന്നു മത്സരം.

എന്നാല്‍ എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതി അവസാനിക്കുവാന്‍ മുന്ന് മിനിറ്റ് ബാക്കിയുള്ളപ്പോൾ കെയ് ഹാവേർട്സിന്റ്റെ പെനാല്‍റ്റി ഗോളിലൂടെ തോമസ് ടുച്ചലിന്റെ ടീം ക്ലബ് വേൾഡ്ക്കപ്പുകൂടി ഉറപ്പാക്കുകയായിരുന്നു.അവസാന ചാമ്പ്യൻസ് ലീഗ് ഫൈനലിലും കെയ് ഹാവേർട്സിന്റ്റെ ഗോളിലാണ് ചെൽസി വിജയ കിരീടം ചൂടിയത്. പ്രധാനപെട്ട മത്സരങ്ങളിൽ ഗോളുകൾ നേടിക്കൊണ്ട് താൻ ബിഗ് ഗെയിം പ്ലേയർ ആണെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചു.

2003-ൽ റോമൻ അബ്രമോവിച്ച് ക്ലബ് വാങ്ങിയതിനുശേഷം സാധ്യമായ എല്ലാ ട്രോഫികളും ബ്ലൂസ് നേടിക്കഴിഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിനും ലിവർപൂളിനും ശേഷം ക്ലബ് ലോകകപ്പ് വിജയിക്കുന്ന മൂന്നാമത്തെ ഇംഗ്ലീഷ് ടീമായി മാറിയിരിക്കുകയാണ് ചെല്‍സി ഫുട്ബോള്‍ ക്ലബ് .