മക്ലാരനും , വാൻ ഡെർ ഗാഗും മഞ്ചെസ്റ്റർ യുണൈറ്റഡിന്റെ ബാക്ക്റൂം സ്റ്റാഫിലേക്ക്...
മുൻ ഇംഗ്ലണ്ട് മാനേജർ സ്റ്റീവ് മക്ലാരനും മുൻ അജാക്സ് ആംസ്റ്റർഡാം അസിസ്റ്റന്റ് കോച്ച് മിച്ചൽ വാൻ ഡെർ ഗാഗും മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗിന്റെ ബാക്ക്റൂം സ്റ്റാഫിൽ സഹ പരിശീലകരായി ചേരുമെന്ന് പ്രീമിയർ ലീഗ് ക്ലബ് തിങ്കളാഴ്ച അറിയിച്ചു.
മുൻ ഇംഗ്ലണ്ട് മാനേജർ സ്റ്റീവ് മക്ലാരനും മുൻ അജാക്സ് ആംസ്റ്റർഡാം അസിസ്റ്റന്റ് മിച്ചൽ വാൻ ഡെർ ഗാഗും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബാക്ക്റൂം സ്റ്റാഫിലേക്ക്. മാനേജർ എറിക് ടെൻ ഹാഗിന്റെ അസിസ്റ്റന്റ് പരിശീലകരായിട്ടായിരിക്കും ഇരുവരും മഞ്ചെസ്റ്റർ യുണൈറ്റഡിൽ ചേരുക.
ഇടക്കാല പരിശീലകൻ റാൽഫ് റാഗ്നിക്കിനു പകരം ചുമതലയേൽക്കുന്നതിനായി കഴിഞ്ഞ മാസം യുണൈറ്റഡ് മാനേജരായി തിരഞ്ഞെടുക്കപ്പെട്ട ടെൻ ഹാഗ്, അജാക്സിനെ തുടർച്ചയായ മൂന്നാം തവണയും ഡച്ച് ചാമ്പ്യൻമാരാക്കിയതിന് ശേഷമാണു ഓൾഡ് ട്രാഫോഡിലെത്തിയിരിക്കുന്നത്.
2006 മുതൽ 16 മാസം മക്ലാരൻ ഇംഗ്ലണ്ടിനെ പരിശീലിപ്പിച്ചിരുന്നു. 2008 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ദേശീയ ടീമിൽ നിന്നും അദ്ദേഹത്തെ പുറത്താക്കിയിരുന്നു.
1999-2001 കാലഘട്ടത്തിൽ അലക്സ് ഫെർഗൂസന്റെ കീഴിൽ യുണൈറ്റഡിൽ അസിസ്റ്റന്റ് മാനേജറിന്റെ പദവിയും അദ്ദേഹം വഹിച്ചിരുന്നു. കൂടാതെ മിഡിൽസ്ബ്രോ, നോട്ടിംഗ്ഹാം ഫോറസ്റ്റ്, ന്യൂകാസിൽ യുണൈറ്റഡ് എന്നീ ടീമുകളേയും കൈകാര്യം ചെയ്തിട്ടുണ്ട്.
ഡച്ച് ലീഗ് ടീമായ ട്വന്റിയുടെ പരിശീലക സ്ഥാനം മക്ലാരൻ രണ്ട് തവണ വഹിച്ചിട്ടുണ്ട്. ക്ലബ്ബിന്റെ ചുമതലയുള്ള തന്റെ ആദ്യ ഘട്ടത്തിൽ ടെൻ ഹാഗിനെ തന്റെ സഹായിയായി നിയമിക്കുകയും ചെയ്തിരുന്നു.
വാൻ ഡെർ ഗാഗ് അജാക്സിന്റെ റിസേർവ് ടീമിന്റെ ചുമതല വഹിച്ചിരുന്നു. എന്നാൽ 2021-ൽ ടെൻ ഹാഗ് ക്രിസ്റ്റ്യൻ പോൾസനെ മാറ്റി അജാക്സിന്റെ അസിസ്റ്റന്റ് കോച്ചായിവാൻ ഡെർ ഗാഗിനെ നിയമിച്ചിരുന്നു.
50 കാരനായ അദ്ദേഹം ഡച്ച് ടീമുകളായ എഫ്സി ഐൻഹോവൻ, എക്സൽസിയർ റോട്ടർഡാം എന്നീ ക്ലബ്ബുകളെയും നിയന്ത്രിച്ചിട്ടുണ്ട്.