കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി, നിർണായക മത്സരത്തിൽ ഹൈദരാബാദിനെതിരെ തോൽവി....
ഹൈദരാബാദിനെതിരായാ നിർണായക മത്സരത്തിൽ 2-1 ന് തോൽവി വഴങ്ങി കേരളബ്ലാസ്റ്റേഴ്സ്.അവസാന മത്സരത്തിനിറങ്ങിയ ടീമിൽ നിന്നും 3 മാറ്റങ്ങളായാണ് കേരളബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനെതിരെ മത്സരിക്കാനിറങ്ങിയത്.കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയ ഡയസിനു പകരം ഭൂട്ടാനീസ് റൊണാൾഡോ എന്നറിയപ്പെടുന്ന ചെഞ്ചോ ഗില്ഷനാണ് മുന്നേറ്റ നിരയിൽ വാസ്കസിനൊപ്പം ഇറങ്ങിയത്.മിഡ്ഫീൽഡിൽ സ്ഥിരം സാന്നിധ്യമായ ജീക്സൺ സിങ്ങിന് പകരം ആയുഷ് അധികാരിയും ലെഫ്റ്റ് ബാക്കായി സഞ്ജീവ് സ്റ്റാലിനുമാണ് ഫസ്റ്റ് ഇലവനിൽ ഉണ്ടായിരുന്നത്.പകരക്കാരായി വന്നവരെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചങ്കിലും ഗോളെന്നുറച്ച നിരവധി അവസരങ്ങൾ വലയിലെത്തിക്കാൻ മുന്നേറ്റ നിരക്ക് സാധിക്കാതിരുന്നത് വലിയ തിരിച്ചടിയായി.
മത്സരത്തിന്റെ 28 ആം മിനിറ്റിൽ ഓഗ്ബച്ചെയുടെ ഗോളിൽ ഹൈദരബാദ് ലീഡ് നേടുകയായിരുന്നു പിന്നീടങ്ങോട്ട് കേരളം മികച്ച അറ്റാക്കിങ്ങ് ഫുട്ബോൾ പുറത്തെടുത്തങ്കിലും ഹൈദരാബാദിനെ മറികടക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല.കേരളത്തിന്റെ ആക്രമണത്തിന് മുന്നിൽ ഹൈദരാബാദ് ഡിഫെൻസ് ആടിയുലഞ്ഞെങ്കിലും നിർഭാഗ്യവും ഹൈദരാബാദ് ഗോൾ കീപ്പർ കട്ടിമണിയുടെ മികച്ച പ്രകടനവും അവരെ രക്ഷിക്കുകയായിരുന്നു.ഒഴുക്കിനു വിപരീതമായി സെവേറിയോ 87ആം മിനിറ്റിൽ ഹെഡ്ഡെർ ഗോളിലൂടെ 2 ഗോളിന്റെ ലീഡ് ഹൈദരാബാദിന് നേടികൊടുത്തു.95ആം മിനിറ്റിൽ വിൻസി ബരേറ്റൊ കേരളത്തിന് വേണ്ടി ഒരു മനോഹരമായ ഗോൾ നേടിയത് കേരള ബ്ലാസ്റ്റേഴ്സിന് ചെറിയൊരു ആശ്വാസമായി.
കേരളത്തിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് ഇന്നത്തെ തോൽവി വിലങ്ങു തടി ആയെങ്കിലും വരുന്ന മത്സരങ്ങളെല്ലാം വിജയിച്ചാൽ കേരളാ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് കളിയ്ക്കാൻ സാധിക്കുന്നതാണ്.ഇന്നത്തെ വിജയത്തോടു കൂടി ഹൈദരാബാദ് എഫ് സി ഈ സീസണിൽ പ്ലേ ഓഫിലേക്കെത്തുന്ന ആദ്യത്തെ ടീമായി മാറി.കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ചെന്നൈയിൻ എഫ് സിക്കെതിരെ ഫെബ്രുവരി 26 ആണ്.