നീലക്കടലായി മഞ്ചേസ്റ്റർ
ഇത്തിഹാദ് സ്റ്റേഡിയത്തിലെ നാടകീയ രംഗങ്ങൾക്കൊടുവിൽ കിരീട സാധ്യതകൾ കൈവിട്ടുപോകുമെന്ന് തോന്നിച്ചപ്പോൾ, അഞ്ച് മിനിറ്റിനുള്ളിൽ മൂന്ന് ഗോളുകൾ നേടി ആസ്റ്റൺ വില്ലയെ തകർത്തു അതിശയകരമായ തിരിച്ചുവരവിലൂടെ പ്രീമിയർ ലീഗ് സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി.അഞ്ച് സീസണുകളിലെ നാലാം കിരീടം ഉറപ്പിക്കാൻ പെപ് ഗ്വാർഡിയോളയുടെ ടീമിന് വിജയം ആവശ്യമായിരുന്നു, എന്നാൽ ഇടവേളയുടെ ഇരു പകുതിയിലും മാറ്റി ക്യാഷും ഫിലിപ്പെ കുട്ടീഞ്ഞോയുടേയും ഗോളുകള്‍ വില്ലയെ 2-0ന് മുന്നിലെത്തിച്ചു.കളി തങ്ങളുടെ നിയന്ത്രണത്തിലാക്കിയ വില്ല ഒരു സമയത്ത് സിറ്റി ഈ സീസണ്‍ വെറുംകൈയോടെ അവസാനിപ്പിക്കേണ്ടി വരുമെന്നുള്ള സാധ്യതയിലേക്ക് വരെ കൊണ്ടെത്തിച്ചിരുന്നു..
വില്ല മാനേജർ സ്റ്റീവൻ ജെറാർഡ് തന്റെ മുൻ ക്ലബ് ലിവർപൂളിനെ കിരീടം നേടാൻ സഹായിച്ചേക്കുമെന്ന് വരെ തോന്നിപ്പിച്ചിരുന്നു.എന്നാല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവു നടത്തി സിറ്റി ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഒരിക്കല്‍ കൂടി തങ്ങളുടെ പേരിലാക്കുകയായിരുന്നു.
ബെർണാഡോ സിൽവയ്ക്ക് പകരക്കാരനായി ഇറങ്ങിയ ഇൽകെ ഗുണ്ടോഗൻ 76-ാം മിനിറ്റിൽ ഒരു ഫാർ-പോസ്റ്റ് ഹെഡറിലൂടെ സിറ്റിക്ക് പ്രതീക്ഷ നൽകി, രണ്ട് മിനിറ്റിന് ശേഷം വില്ല കീപ്പർ റോബിൻ ഓൾസനെ റോഡ്രി ലോ ഫിനിഷിലൂടെ മറിക്കടന്നപ്പോള്‍ ഇത്തിഹാദ് സ്റ്റേഡിയം സിറ്റി ആരാധകരുടെ ആരവത്തില്‍ മുങ്ങി പോവുകയായിരുന്നു.ഗുണ്ടോഗൻ ഒരിക്കൽ കൂടി ഫാർ പോസ്റ്റിൽ പന്ത് എത്തിച്ച് വലകുലുക്കിയതോട് കൂടി മത്സരം അവസാനിക്കാന്‍ 9 മിനിറ്റ് ശേഷിക്കേ തന്നെ ഗാര്‍ഡിയോളയുടെ പോരാളികള്‍ കിരീടം കൈപ്പിടിയില്‍ ഒതുക്കിയിരുന്നു.ലിവര്‍പൂള്‍ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിനെ തോല്‍പ്പിച്ചതുകൊണ്ട് സിറ്റിക്ക് വിജയം അനിവാര്യമായിരുന്നു.
മാഞ്ചസ്റ്റർ സിറ്റിയുടെ ഐതിഹാസിക തിരിച്ചുവരവ്
രണ്ടാം പകുതിയിൽ കൂട്ടിഞ്ഞോയടെ ഗോൾ കൂടി പിറന്നപ്പോൾ മഞ്ചേസ്റ്റർ സിറ്റിക്ക് വേണ്ടി ഒട്ടും രുചികരമല്ലാത്ത കഥാസന്ദർഭങ്ങൾ എഴുതുന്നത് പോലെയാണ് തോന്നിയത്. എന്നാൽ കഥ അവിടെ അവസാനിച്ചിട്ടില്ലായിരുന്നു. തങ്ങൾക്ക് ഗോളുകൾ നേടാൻ 21 മിനിറ്റുണ്ടെന്നുള്ള പൂർണ ബോധ്യം സിറ്റിക്കുണ്ടായിരുന്നു.
ലിവർപൂളിന് വേണ്ടി ഒരിക്കൽ പോലും പ്രീമിയർ ലീഗ് കീരിടം നേടാനാകാത്ത ജെറാർഡ്, മുൻ സഹതാരം കൂട്ടിഞ്ഞോയുടെ സഹായത്താൽ കിരീടം നേടികൊടുക്കുമെന്ന് അതിനിടയിൽ പല തലക്കെട്ടുകളും എഴുതിയിരുന്നു.എന്നാൽ പിന്നീട് നടന്നത് പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിലെ തന്നെ ഏറ്റവും നാടകീയമായ ട്വിസ്റ്റുകളിൽ ഒന്നായിരുന്നു. മികച്ച പ്രതിരോധംകൊണ്ട് തങ്ങളുടെ വാതിൽ കൊട്ടിയടച്ച വില്ലയുടെ കോട്ട കൊത്തളങ്ങൾ തകർക്കുകയായിരുന്നു സിറ്റി.
ഗുണ്ടോഗന്റെ ആദ്യ ഗോൾ സിറ്റിക്ക് ചെറിയ പ്രതീക്ഷയുടെ കിരണങ്ങൾ നൽകിയെങ്കിലും ഇതൊരു ആശ്വാസം മാത്രമായിരിക്കുമെന്ന് ആരാധകരിൽ പലരും ചിന്തിച്ചിരുന്നത്.
തൊട്ടു പിന്നാലെ റോഡ്രിയുടെ സമനില ഗോള്‍ കൂടി വന്നതോടെ അവിശ്വാസത്തിന്റെയും ആഹ്ലാദത്തിന്റെയും സമ്മിശ്രണത്തോടെ സ്റ്റേഡിയും ഇളകി മറിയുകയായിരുന്നു.ഈ ആരവങ്ങൾ അവസാനിക്കുന്നതിന് മുൻപ് തന്നെ ഗുണ്ടോഗൻ ആസ്റ്റൻ വില്ലയുടെ പെട്ടിയിൽ അവസാന ആണിയും അടിച്ചു കഴിഞ്ഞിരുന്നു.
എന്താണ് തങ്ങൾക്ക് സംഭവിച്ചതെന്നു വില്ലക്ക് മനസിലാക്കുവാനോ അതിനെതിരെ പ്രതികരിക്കുവാനോ പറ്റുന്നതിനു മുന്നേ തന്നെ സ്റ്റേഡിയത്തിലെ കാതടുപ്പിക്കുന്ന ശബ്ദത്തിനിടയിലൂടെ റെഫറി മൈക്കൾ ഒലിവർ ഫൈനൽ വിസിൽ മുഴക്കുകയായിരുന്നു.
ഈ മത്സര ഫലം സിറ്റിയെ ഏറ്റവും നിരാശയിലേക്ക് കൊണ്ടെത്തിച്ചിരുന്നേനെ. എന്നാൽ ഈ അവിശ്വാസനീയമായ തിരിച്ചുവരവ് സിറ്റിയുടെ ഓരോ കളിക്കാർക്കും അവരുടെ ആരാധകർക്കും ഓർമയിൽ സൂക്ഷിക്കുവാനുള്ള സന്തോഷ ദിനമായി മാറിയിരിക്കുന്നു.