കപിലിന്റെ ചെകുത്താന്മാർ ലോകം കീഴടക്കിയ കഥ
സ്വന്തം ക്രിക്കറ്റ് ബോർഡിന്, സ്വന്തം നാട്ടുകാർക്ക്, എന്തിന് സ്വന്തം ടീമിലെ അംഗങ്ങൾക്ക് പോലും വിശ്വാസമില്ലാതെയിരുന്ന ഒരു ടീമിനെ വെച്ച് ഒരു 24 വയസ്സുകാരൻ ഇംഗ്ലണ്ടിൽ എത്തിയിരിക്കുകയാണ്. കപിൽ ദേവ് എന്നാ നായകൻ ഒഴിച്ച് ബാക്കി താരങ്ങൾ അത് ബോർഡ് ചിലവിൽ ഒരു വിനോദ യാത്ര മാത്രമായി ആഘോഷിക്കാമെന്ന് കരുതി എത്തിയതായിരിക്കും.തന്റെ ആദ്യത്തെ പത്ര സമ്മേളനത്തിൽ "I am here to win the world cup" എന്നാ കപിൽ പറയുമ്പോൾ ആ പത്ര സമ്മേളനത്തിൽ പങ്കെടുത്ത ഒരൊറ്റ മനുഷ്യൻ പോലും ചിന്തിക്കാത്ത ആ കാര്യം തന്റെ ചെകുത്താന്മാർക്ക് ഒപ്പം അയാൾ സാധ്യമാക്കുമെന്ന് കരുതി കാണില്ല.
ഇത് അവരുടെ കഥയാണ്,അസാധ്യമാണെന്ന് കരുതിയതിനെ സാധ്യമാക്കിയവരുടെ കഥ,ജീവിതത്തിൽ ഒരിക്കൽ വിജയത്തിന്റെ മധുരം രുചിച്ചാൽ വീണ്ടും വീണ്ടും വിജയം രുചിച്ചു കൊണ്ടിരിക്കുമെന്ന് കാണിച്ചു തന്നവരുടെ കഥ.
രണ്ട് ലോകക്കപ്പുകൾ, ആകെ ഒരു വിജയം. അതും ഈസ്റ്റ് ആഫ്രിക്കക്കെതിരെ, ടൂർണമെന്റിലെ ആദ്യത്തെ മത്സരത്തിന് ഇന്ത്യ ഇറങ്ങുന്നത് സാക്ഷാൽ ക്ലൈവ് ലോയ്ഡിന്റെ വെസ്റ്റ് ഇൻഡീസിനെതിരെ.ലോകക്കപ്പുകളിൽ ഇത് വരെ ഒരു തോൽവി പോലുമില്ലാത്ത വെസ്റ്റ് ഇൻഡീസ്. ടോസ് നേടിയ ക്ലൈവ് ബൌളിംഗ് തെരെഞ്ഞെടുക്കുന്നു. ലോകം കണ്ട എക്കാലത്തെയും ഭയാനകമായ പേസ് ബൌളിംഗ് അറ്റാക്കിന് മുന്നിൽ ഇന്ത്യ എത്ര നേരം പിടിച്ചു നിൽക്കാനാണ്.ഇന്ത്യൻ ഓപ്പനർമാർക്കെതിരെ ഹോൾഡിങ്ങും റോബർട്ടസുമെല്ലാം അക്ഷരാർത്ഥത്തിൽ തീയുണ്ടകൾ തന്നെ പതിപ്പിക്കുകയായിരുന്നു.
എന്നാൽ ഓരോ ആപത്തുഘട്ടങ്ങളിലും ഓരോ രക്ഷകർ കപിലിന്റെ ചെകുത്താന്മാരിൽ അവതരിച്ചു കൊണ്ടിരുന്നു.വെസ്റ്റ് ഇൻഡീസ് ബൗളേർമാരെ നിർഭയം അടിച്ചു തകർത്ത ആ രക്ഷകന്റെ പേര് യഷ്പാൽ ശർമ.യഷ്പാൽ ശർമയുടെ 89 റൺസ് മികവിൽ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 262 റൺസ്.മറുപടി ബാറ്റിംഗിൽ ശാസ്ത്രിയും ബിന്നിയും വെസ്റ്റ് ഇൻഡീസ് ബാറ്റർമാരെ ലക്ഷ്യത്തിൽ നിന്ന് അകറ്റി കൊണ്ടിരുന്നു. ഒടുവിൽ വെസ്റ്റ് ഇൻഡീസിന് ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തെ തോൽവിയും ഇന്ത്യക്ക് 34 റൺസിന്റെ വിജയവും.
രണ്ടാം മത്സരം സിമ്പാവേക്കെതിരെ,ഇന്ത്യൻ ബൗളേർമാർ മികച്ച രീതിയിൽ പന്ത് എറിഞ്ഞു.155 റൺസിന് സിമ്പാവേ പുറത്ത്.സന്ദീപ് പട്ടേലിന്റെ ഫിഫ്റ്റിയുടെ മികവിൽ ഇന്ത്യക്ക് 5 വിക്കറ്റ് വിജയം.3 വിക്കറ്റ് നേടിയ മദൻ ലാൽ കളിയിലെ താരമായി.
അടുത്ത മത്സരം ഓസ്ട്രേലിയക്കെതിരെ. അമിത പ്രതീക്ഷകളുമായി ചെന്ന ഇന്ത്യയെ ഓസ്ട്രേലിയ തകർത്തു വിട്ടു.ഏകദിന ക്രിക്കറ്റിൽ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ആദ്യത്തെ ഇന്ത്യൻ താരമായി കപിൽ മാറി എന്നത് ഒഴിച്ചാൽ ഇന്ത്യക്ക് ഒന്നും തന്നെ ഓർത്തു വെക്കാനില്ലാത്ത മത്സരം.അടുത്ത എതിരാളികൾ വെസ്റ്റ് ഇൻഡീസ്. ആദ്യ മത്സരത്തിലെ തോൽവിക്ക് വെസ്റ്റ് ഇൻഡീസ് താരങ്ങൾ പകരം ചോദിച്ചത് ഇന്ത്യൻ ബാറ്റർമാരുടെ ചോര കൊണ്ട്.മോഹിന്ദർ അമർനാത് പൊരുതി നോക്കിയെങ്കിലും ഇന്ത്യക്ക് തോൽവി.
ടൂർണമെന്റിൽ ഇന്ത്യയുടെ നിലനിൽപ് ചോദ്യം ചെയ്യപെടുന്ന സമയം. ഇന്ത്യ സിമ്പാവേക്കെതിരെ, തോൽവിയാണ് ഫലമെങ്കിൽ തിരകെ നാട്ടിലേക്ക് .ടോസ് നേടിയ ഇന്ത്യൻ നായകൻ ബാറ്റിംഗ് തിരഞ്ഞെടുത്തു. അവിശ്വസനീയമായ രീതിയിൽ ഇന്ത്യ തകർന്നു.4 വിക്കറ്റ് നഷ്ടത്തിൽ 9 റൺസ്,5 വിക്കറ്റ് നഷ്ടത്തിൽ 17 റൺസ്, ആർത്തു വിളിച്ച ആരാധകർ എല്ലാം ഇന്ത്യക്ക് നേർ തിരിഞ്ഞു.എന്നാൽ അവിടെ നടുകടലിലെ ചുഴലിയിൽ അകപ്പെട്ടു പോയ തന്റെ കപ്പലിനെ രക്ഷിക്കാൻ ആ നാവികൻ കടന്നുവരികയാണ് .മുന്നിൽ നിന്ന് അയാൾ രക്ഷപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചു.ഇന്ത്യ എന്നാ തന്റെ കപ്പൽ കരക്ക് അടിപിക്കുമ്പോൾ 138 പന്തിൽ 6 സിക്സറും 16 ഫോറും അടക്കം 175 റൺസ് നേടി കപിൽ പുറത്താവാതെ ക്രീസിൽ ഉണ്ടായിരുന്നു.ക്യാപ്റ്റൻ നൽകിയ ഊർജം സഹകളികാരിലേക്ക് കൂടി വ്യാപിച്ചതോടെ ഇന്ത്യക്ക് 31 റൺസ് വിജയം. പിന്നാലെ വന്നത് ഓസ്ട്രേലിയ, അവരെ 118 റൺസിന് തകർത്തു കൊണ്ട് ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ലോകകപ്പ് സെമിയിലേക്ക്.
ക്രിക്കറ്റിന്റെ തറവാട്ടുകാർ ഇന്ത്യയെ കെട്ട് കെട്ടിക്കും.ഇംഗ്ലണ്ടിന് ഇന്ത്യ ഒരിക്കലും എതിരാളികൾ ആവില്ലെന്ന് സായിപ്പന്മാർ അഹങ്കരിച്ചു കാണണം. എന്നാൽ തങ്ങളുടെ നായകന് പറഞ്ഞു പഠിപ്പിച്ചത് പോലെ "Taste the sucess one, Tongue want more" എന്നാ തരത്തിൽ തന്നെ ഇന്ത്യ മത്സരത്തെ എതിരേറ്റു.മോഹിന്ദർ അമർനാഥ് ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇന്ത്യ ലോകകപ്പ് ഫൈനലിലേക്ക്.
തുടർച്ചയായ മൂന്നാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് വെസ്റ്റ് ഇൻഡീസ്, തങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ കിരീടം സ്വന്തമാക്കാൻ ഇന്ത്യ.ടോസ് നേടിയ ക്ലൈവ് ലോയ്ഡ് ബൗളിങ്തെരെഞ്ഞെടുക്കുന്നു.വിൻഡിസ് ബൗളേർമാരെ സധൈര്യം ഇന്ത്യൻ ബാറ്റർമാർ നേരിട്ടു.ശ്രീകാന്ത് 38, അമർനാഥ് 26,. ഇന്ത്യ 183 ന്ന് ഓൾ ഔട്ട്. വെസ്റ്റ് ഇൻഡീസിന് മൂന്നാം ലോക കിരീടം ഉറപ്പ്. ഇന്ത്യ അത് എത്രത്തോളം വൈകിക്കും എന്ന് മാത്രമായി ക്രിക്കറ്റ് ആരാധകർക്ക് ഇടയിലെ ചർച്ചകൾ.
എന്നാൽ കപിലിന്റെ ചെകുത്താന്മാർ വെറുതെ വിട്ട് കൊടുക്കാൻ ഒരുക്കമായിരുന്നില്ല. കപിലും സന്ധുവും ന്യൂ ബോളുമായി എത്തി.ലോകക്കപ്പിലെ ഏറ്റവും മികച്ച ഡെലിവറികളിൽ ഒന്ന് സന്ധു പുറത്തെടുക്കയാണ്.ഗ്രീനിഡ്ജ് ബൗളേഡ്.എത്രയും വേഗം മത്സരം തീർക്കാൻ സാക്ഷാൽ വിവിയൻ റീചാർഡ്സ് ക്രീസിലേക്ക്. ഇന്ത്യൻ ബൗളേർമാർ ഓരോത്തോരായി അദ്ദേഹം ബൗണ്ടറി കടത്തി കൊണ്ടിരുന്നു.
2 വിക്കറ്റ് നഷ്ടത്തിൽ 57 റൺസ് എന്നാ ശക്തമായ നിലയിൽ വെസ്റ്റ് ഇൻഡീസ്. മദൻ ലാൽ ഒരിക്കൽ കൂടി പന്തുമായി എത്തുന്നു. ഒരു ലെങ്ത് ബോൾ വിവ് പുൾ ചെയ്യുന്നു.ടൈമിംഗ് തെറ്റുന്നു. ഇന്ത്യൻ നായകൻ കപിൽ ദേവ് പുറകോട്ട് ഓടുന്നു.ലോകക്കപ്പ് ഫൈനലിന്റെ സമ്മർദ്ദഘട്ടത്തിൽ സാക്ഷാൽ വിവിന്റെ ക്യാച്ച് അതിമനോഹരമായി കപിൽ കൈപിടിയിൽ ഒതുക്കുമ്പോൾ പുതുചരിത്രം അവിടെ കുറിക്കപെടുകയായിരുന്നു.ഒടുവിൽ 43 റൺസിന്റെ വിജയം നേടി ആ ലോകകിരീടത്തിൽ കപിലിന്റെ ചെകുത്താന്മാർ മുത്തമിടുകയാണ്.
സച്ചിൻ ശേഷവും മുമ്പും എന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ കാലഘട്ടങ്ങൾ വിഭജിക്കപ്പെട്ടതായി തോന്നിയിട്ടുണ്ട്. എന്നാൽ കപിലിന് മുമ്പും ശേഷവും തന്നെയാണ് ഇന്ത്യൻ ക്രിക്കറ്റ് കാലഘട്ടം വിഭജിക്കപ്പെടേണ്ടത്.യഥാർത്ഥത്തിൽ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരവും ക്യാപ്റ്റനുമെല്ലാം കപിൽ തന്നെയാണ്. കപിലിന്റെ ചെകുത്താന്മാർ സമ്മാനിച്ച അത്ഭുത വിജയം തന്നെയാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ അടിത്തറയും.
സിമ്പാവേ ഓസ്ട്രേലിയേ അട്ടിമറിച്ചതും,30 യാർഡ് സർക്കിൾ ആദ്യമായി ഉപയോഗിച്ചതും 1983 ലോകക്കപ്പിന്റെ മാറ്റു കൂട്ടിയിരുന്നു.
(കുറച്ചു ലോകകപ്പ് വിശേഷങ്ങൾ തുടരും )