ആ മത്സരം കണ്ട് തുടങ്ങിയവർ ആരും കരുതി കാണില്ല അവർ സാക്ഷ്യം വഹിക്കാൻ പോകുന്നത് ലോകക്കപ്പിലെ എക്കാലത്തെയും മികച്ച മത്സരങ്ങളിൽ ഒന്നിനാണെന്ന്
അന്ന് ഒരു ശനിയാഴ്ചയായിരുന്നു.2015 ലോകക്കപ്പിന്റെ സമയമായിരുന്നു അത്.എന്നിലെ കൗമാരത്തിൽ ഞാൻ വല്ലാതെ ആസ്വദിച്ചു കണ്ട ലോകക്കപ്പായിരുന്നു ആ സമയം നടന്നു കൊണ്ടിരുന്നത്. അത് കൊണ്ട് രാവിലെ തന്നെ ആ മത്സരം കാണാൻ എഴുന്നേറ്റു.ടിവി വെച്ചപ്പോൾ കാണുന്നത് ഫിഞ്ച് അടിച്ച ഒരു സിക്സാണ്.
ക്രിക്കറ്റിനോടുള്ള അനുരാഗത്തിനാൽ ആ മത്സരം പതിവ് പോലെ തന്നെ കാണാൻ തുടങ്ങി.ഓസ്ട്രേലിയക്ക് ഒരു ശരാശരി തുടക്കം.സൗത്തീയും വെട്ടോരിയുമെല്ലാം വിക്കറ്റുകൾ നേടുന്നുണ്ടയായിരുന്നു.എന്നാൽ ഓസ്ട്രേലിയ മധ്യനിര ബാറ്റർമാരെ തന്റെ സ്വിങ്ങിങ് ഡെലിവറികൾ കൊണ്ട് ട്രെന്റ് ബോൾട്ട് തകർക്കുന്ന കാഴ്ചയാണ് പിന്നീട് അങ്ങോട്ട് കണ്ടത്.ക്ലാർക്കിനും മാക്സ്വെലും മിച്ചൽ മാർഷിനുമെല്ലാം ബോൾട്ടിന് മുന്നിൽ ഉത്തരങ്ങൾ ഇല്ലാതെ ഡഗ് ഔട്ടിലേക്ക് മടങ്ങേണ്ടി വന്നു.ബോൾട്ടിന്റെ ഫൈഫറിന്റെ മികവിൽ ഓസ്ട്രേലിയ 152 റൺസിന് പുറത്ത്.
ലോകക്കപ്പിൽ ഉടനീളം തകർപ്പൻ തുടക്കം നൽകുന്ന മക്കല്ലം ഒരിക്കൽ കൂടി അത് ആവർത്തിച്ചു. ജോൺസനും കമ്മിൻസുമെല്ലാം എറിഞ്ഞ പന്തുകൾ അദ്ദേഹം ബൗണ്ടറി കടത്തി കൊണ്ടിരുന്നു.ഫിഫ്റ്റി സ്വന്തമാക്കിയ ശേഷം മക്കല്ലം മടങ്ങി.കിവിസിന് ബോൾട്ട് ഉണ്ടെങ്കിൽ ഞങ്ങൾക്ക് സ്റ്റാർക്ക് ഉണ്ടെന്ന് ഓസ്ട്രേലിയ വിളിച്ചു പറയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.തന്റെ ട്രേഡ് മാർക്ക് യോർക്കറിൽ സ്റ്റാർക്ക് ടെയ്ലറേ വീഴ്ത്തി ,പിന്നാലെ എല്ലിയറ്റും,മിൽനെയും സൗത്തീയും വീണു.ബോൾട്ടിന്റെ അഞ്ചു വിക്കറ്റിന് മറുപടിയായി സ്റ്റാർക്കിന്റെ ആറ് വിക്കറ്റ്.
മറുവശത്തു ശാന്തനായി ഒരുവൻ നിൽപ്പുണ്ടായിരുന്നു.ന്യൂസിലാൻഡ് ഇന്നിങ്സിന്റെ 24 മത്തെ ഓവർ.കിവിസിന് ജയിക്കാൻ 6 റൺസ്. ഓസ്ട്രേലിയക്ക് ഒരു വിക്കറ്റും. വില്യംസൺ 39 റൺസ്സുമായി ക്രീസിൽ.കമ്മിൻസിന്റെ ഒരു ഫുൾ ലെങ്ത് ഡെലിവറി, ലോങ്ങ് ഓണിന് മുകളിലൂടെ സിക്സ്
Yes, kane Williamson is won it for New Zealand
അന്ന് ഈ മത്സരം കണ്ട് തുടങ്ങുമ്പോൾ ഒരിക്കൽ പോലും ഞാൻ കരുതിയിരുന്നില്ല സാക്ഷ്യം വഹിക്കാൻ പോകുന്നത് ലോകക്കപ്പ് കണ്ട എക്കാലത്തെയും മികച്ച രണ്ട് സ്പെല്ലുകൾക്ക് ആണെന്ന്, ലോകക്കപ്പ് കണ്ട എക്കാലത്തെയും മികച്ച മത്സരങ്ങളിൽ ഒന്നിനാണെന്ന്