ബംഗ്ലാദേശിന്റെയും ഇംഗ്ലണ്ടിന്റെയും ഏകദിന ചരിത്രം മാറ്റി മറിച്ച മത്സരം
2015 ലോകക്കപ്പ് ഇംഗ്ലണ്ട് ഒരിക്കൽ പോലും ഓർക്കാൻ ഇഷ്ടപെടാത്തവയാണ്. ആദ്യ റൗണ്ടിൽ തന്നെ ഇംഗ്ലണ്ട് പുറത്തായ ലോകക്കപ്പ്.മറുവശത്തു മോർത്താസയുടെ കീഴിൽ ബംഗ്ലാദേശ് ഇതിഹാസങ്ങൾ രചിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ലോകക്കപ്പിലെ ബംഗ്ലാദേശ് ഇംഗ്ലണ്ട് മത്സരം.ടൂർണമെന്റിൽ നിലനിൽക്കണമെങ്കിൽ ഇംഗ്ലണ്ടിന് വിജയം അനിവാര്യം.ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാൻ ബംഗ്ലാദേശിനും വിജയം അനിവാര്യം.ടോസ് നേടിയ ഇംഗ്ലീഷ് നായകൻ മോർഗൻ ബൌളിംഗ് തിരഞ്ഞെടുത്തു.
ജെയിംസ് അൻഡേഴ്സന്റെ ഓപ്പണിങ് സ്പെല്ലിൽ ബംഗ്ലാദേശ് ഓപ്പനർമാർ തിരകെ ഡഗ് ഔട്ടിലേക്ക്.ലോകക്കപ്പിന്റെ ചരിത്രത്തിലെ ബംഗ്ലാദേശിന്റെ ആദ്യത്തെ സെഞ്ച്വറി സ്വന്തമാക്കി കൊണ്ട് മഹമ്ദുള്ള നിറഞ്ഞാടിയ മത്സരത്തിൽ ബംഗ്ലാദേശ് 7 വിക്കറ്റ് നഷ്ടത്തിൽ 275 റൺസ്.89 റൺസ് സ്വന്തമാക്കിയ മുഷ്ഫിഖർ റഹിമും മഹമ്ദുള്ളക്ക് മികച്ച പിന്തുണ നൽകി.
ഇംഗ്ലീഷ് ബാറ്റർമാരിൽ എല്ലാവരും നന്നായി തന്നെ തുടങ്ങിയെങ്കിലും ആർക്കും ആ തുടക്കം മുതലാക്കാൻ കഴിഞ്ഞില്ല.റൂബൽ ഹോസ്സൈൻ മുന്നിൽ നിന്ന് നയിച്ച ബൗളിംഗ് നിരയും ഒപ്പം മികച്ച പിന്തുണ നൽകിയ നായകൻ മോർത്താസയും ടസ്‌കിനും കൂടി ഇംഗ്ലണ്ടിനെ 260 റൺസിൽ ഒതുക്കി. ഫലമോ ബംഗ്ലാദേശിന് 15 റൺസിന്റെ വിജയവും ഒപ്പം തങ്ങളുടെ
ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരു മേജർ ടൂർണമെന്റിന്റെ ക്വാർട്ടറിലേക്കുള്ള പ്രവേശനവും.
ഇംഗ്ലണ്ടിന്റെയും ബംഗ്ലാദേശിന്റെയും ഏകദിനത്തിലെ മുന്നോട്ടുള്ള ഭാവി നിർണയിച്ച മത്സരം തന്നെയായിരുന്നു ഇത്. ബംഗ്ലാദേശിനെയാകട്ടെ ചാമ്പ്യൻസ് ട്രോഫി സെമിയിലേക്കും ഏഷ്യ കപ്പ് ഫൈനലിലേക്കുമെല്ലാം മുന്നേറാൻ ലഭിച്ച ഊർജം ഈ വിജയത്തിൽ നിന്നായിരുന്നു. തെറ്റുകൾ എല്ലാം തിരുത്തി വിശ്വകിരീടം ഉയർത്താൻ ഇയോൻ മോർഗന്റെ ഇംഗ്ലണ്ടിനെ പ്രാപ്തരാക്കിയതും ഇതേ തോൽവി തന്നെയാണ്.
(കുറച്ചു ലോകക്കപ്പ് വിശേഷങ്ങൾ തുടരും )..