ബാറ്റർമാരുടെ ശവപറമ്പിലെ മാർക്രത്തിന്റെ ക്ലാസിക്കൽ ഇന്നിങ്സ്
ബാറ്റർമാരുടെ ശവപറമ്പിലെ മാർക്രത്തിന്റെ ക്ലാസിക്കൽ ഇന്നിങ്സ്
നിങ്ങളുടെ പ്രിയപ്പെട്ട ഒരാൾ തങ്ങളുടെ ഏറ്റവും മികച്ചത് ആസ്വദിക്കുന്ന നിമിഷത്തിൽ നമുക്ക് ലഭിക്കുന്ന ഒരു തരം സന്തോഷമുണ്ട്, വാക്കുകളാലും എഴുത്തുകളാലും വർണിക്കാൻ കഴിയാത്ത ഒരു തരം ഹാപ്പിനെസ്സ്.ആ ഒരു ഹാപ്പിനെസ്സ് വല്ലാതെ അനുഭവിച്ചു കൊണ്ട് എന്നിലെ ക്രിക്കറ്റ് ആരാധകൻ കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് ഇന്നിങ്സുകളിൽ ഒന്നിനെ പറ്റി എഴുതി തുടങ്ങട്ടെ..
ആദ്യ ഇന്നിങ്സിലെ കൂട്ട തകർച്ചക്ക് ശേഷം രണ്ടാം ഇന്നിങ്സിൽ എന്തൊക്കെ മനസ്സില് ഉറപ്പിച്ചു തന്നെയാണ് മാർക്രം ക്രീസിലേക്ക് എത്തിയത്. ജസ്‌പ്രിത് ബുമ്രയെ ആദ്യത്തെ ഓവറിൽ തന്നെ എക്സ്ട്രാ കവറിന് മുകളിലൂടെ അടിച്ച ആ ബൗണ്ടറിയിൽ അദ്ദേഹം അത് വ്യക്തമാക്കുന്നുമുണ്ട്. തുടർന്ന് ക്ഷമയോടെ ഒരു അറ്റത് ഉറച്ചു നിന്നു.മോശം പന്തുകൾ ബൗണ്ടറിയിൽ എത്തി കൊണ്ടിരുന്നു.
ബുമ്രയുടെ പന്തിൽ രാഹുൽ ജീവൻ നൽകിയതോടെ തന്റെ ബാറ്റിംഗ് മോഡ് ട്വന്റി ട്വന്റി ക്രിക്കറ്റ് വേഗതയിലേക്ക് അദ്ദേഹം മാറ്റി. സിക്സറുകൾ ആ ബാറ്റിൽ നിന്ന് പിറന്നു.കൃത്യമായ ഗ്യാപ്പുകൾ കണ്ടെത്തി അദ്ദേഹം കേപ്പ് ടൗണിന്റെ ബൗണ്ടറികളെ ചുംബിച്ചു കൊണ്ടിരുന്നു.ഒടുവിൽ 103 പന്തിൽ 106 റൺസ് സ്വന്തമാക്കി മടങ്ങി..
പണ്ട് എവിടെയോ രവി ശാസ്ത്രി പറഞ്ഞ കുറച്ചു വാക്കുകൾ ഓർത്തു പോവുകയാണ്. ഒരു 23 വയസ്സുകാരനെ കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞു തുടങ്ങിയത്. "ഒരു സീരീസ് മുഴുവൻ മികച്ച ഷോട്ടുകളുമായി മുപ്പതോ നാല്പതോ റൺസ് എടുത്ത് കൊണ്ടിരുന്നു.എന്നാൽ അത് ബിഗ് ഇന്നിങ്സാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന് അത് സാധിച്ചാൽ ദക്ഷിണ ആഫ്രിക്കയുടെ മികച്ച ബാറ്റർമാരിൽ ഒരാളായി മാറാൻ കഴിയും."
അന്നത്തെ ആ 23 വയസ്സുകാരൻ ഇന്ന് തന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സ് കളിച്ചു കൊണ്ട് ഡഗ് ഔട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. ശാസ്ത്രിയുടെ വാക്കുകൾ പോലെ തന്നെ താൻ ദക്ഷിണ ആഫ്രിക്കയുടെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായി മാറുമെന്ന് തെളിയിക്കുന്ന തരത്തിൽ തന്നെയാണ് കഴിഞ്ഞ കുറച്ചു നാളുകളായിയുള്ള മാർക്രത്തിന്റെ പ്രകടനം.