കഴിയുന്നത് എല്ലാം ചെയ്തിട്ടും തോറ്റ പോയ മറ്റൊരു ഇതിഹാസം, സംഗക്കാരയുടെ 2015 ലോകക്കപ്പ്..
2011 ഏപ്രിൽ 2, ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലേക്ക് മഹേന്ദ്ര സിംഗ് ധോണി ആ സിക്സർ അടിച്ചു കേറ്റിയപ്പോൾ സ്റ്റമ്പിന് പുറകിൽ നിസ്സഹായമായ ചിരി ചിരിച്ചു നിന്ന ഒരു മനുഷ്യനുണ്ടായിരുന്നു. നാല് കൊല്ലങ്ങൾക്ക് ശേഷം തന്റെ അവസാന ലോകക്കപ്പിൽ ചരിത്രം സൃഷ്ടിച്ചിട്ടും വീണ്ടും ലക്ഷ്യത്തിൽ എത്താതെ പോയ ഒരുവൻ.ഒരു ലോകക്കപ്പിൽ അസാമാന്യ പ്രകടനം നടത്തിയിട്ടും ടീമിനെ കിരീടത്തിൽ എത്തിക്കാൻ കഴിയാതെ പോയ ഇതിഹാസം..
2015 ഏകദിന ലോകക്കപ്പിലെ കുമാർ സംഗകാരയുടെ പ്രകടനത്തെ പറ്റിയാണ് പറഞ്ഞു വരുന്നത്. തന്റെ പ്രിയ സുഹൃത്ത് മഹേലക്ക് ഒപ്പം ഒരു പതിറ്റാണ്ട് തോളിലേറ്റിയ ശ്രീലങ്കക്ക് വേണ്ടി അവസാനമായി ഒരിക്കൽ കൂടി തന്റെ ക്ലാസിക്കൽ കവർ ഡ്രൈവുകൾ കൊണ്ട് സാക്ഷാൽ കുമാർ സംഗക്കാര എന്നാ ഇടതൻ വിപ്ലവം രചിച്ച കഥയാണ് ഇവിടെ കുറിക്കപെടുന്നത്.
തന്റെ അവസാന ലോകക്കപ്പ് കളിക്കാൻ വരുന്ന ഒരു താരം വളരെ ചുരുക്കമായി മാത്രമേ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാറുള്ളൂ.എന്നാൽ ഒരിക്കൽ ഇതിഹാസ മേനി ചമഞ്ഞവർ ഒരിക്കൽ പോലും തങ്ങളുടെ അവസാനം മോശമാക്കാൻ ആഗ്രഹിക്കാത്തവർ തന്നെയാവും . കുമാർ സംഗക്കാരയും തന്റെ ബാറ്റിംഗ് മാന്ത്രികത ഈ അവസാന കാലയളവിൽ ഒട്ടും തന്നെ കുറഞ്ഞിട്ടിലെന്ന് തെളിയിക്കുന്ന കാഴ്ചയാണ് പിന്നീട് അങ്ങോട്ട് ലോകകപ്പ് കണ്ടത്.
ശ്രീലങ്കയുടെ ആദ്യത്തെ മത്സരം ന്യൂസിലാണ്ടിനെതിരെ. മക്കല്ലം കത്തികയറിയ മത്സരത്തിൽ സംഗക്കാരയുടെ സംഭാവന 39 റൺസ് മാത്രം.ലങ്കക്ക് 98 റൺസിന്റെ തോൽവി.അഫ്ഗാനെതിരെ 7 റൺസിന് പുറത്തായെങ്കിലും തന്റെ പ്രിയ സുഹൃത്ത് മഹേലയുടെ സെഞ്ച്വറി മികവിൽ 4 വിക്കറ്റ് വിജയം.എന്നാൽ പിന്നീട് അങ്ങോട്ട് ഒരിക്കൽ കൂടി സംഗക്കാര എന്നാ ഇടം കയ്യൻ ബാറ്റർ ഇതിഹാസമേനി എടുത്ത് അണിയുന്ന കാഴ്ചയാണ് ലോകക്കപ്പ് കാണാൻ ഇരുന്നത്.
ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി നാല് സെഞ്ച്വറികൾ. ആദ്യ സെഞ്ച്വറി ബംഗ്ലാദേശിനെതിരെ, ദിൽഷന്റെ 161 റൺസിന് പിന്തുണ നൽകി നേടിയ 76 പന്തിലെ 105 റൺസ്.310 റൺസ് സ്വന്തമാക്കി വിജയം കാത്തിരുന്ന ഇംഗ്ലണ്ടിനെ തിരിമന്നെയും കൂട്ടുപിടിച്ചു കൊണ്ട് വിജയത്തിലേക്ക് എത്തിച്ച തുടർച്ചയായ തന്റെ രണ്ടാമത്തെ സെഞ്ച്വറി.ഓസ്ട്രേലിയക്കെതിരെ 377 റൺസ് പിന്തുടരാൻ ഇറങ്ങി ഒടുവിൽ വിജയത്തിൽ എത്താതെ കീഴടങ്ങേണ്ടി വന്ന ലോകക്കപ്പിലേ ക്ലാസിക്കൽ സെഞ്ച്വറികളിൽ ഒന്ന്.
ഒടുവിൽ ഏകദിനത്തിൽ തുടർച്ചയായി നാല് സെഞ്ച്വറി എന്നാ നേട്ടത്തിലേക്ക് സ്കോട്ട്ലാന്റിനെ എതിരെ കൂടി സെഞ്ച്വറി അടിച്ചു കൊണ്ടുള്ള ചരിത്രം രചിക്കലും. ക്വാർട്ടറിൽ മികച്ച തുടക്കം ലഭിച്ചുവെങ്കിലും തനിക്ക് അത് മറ്റൊരു വലിയ സ്കോറിലേക്ക് മാറ്റാൻ കഴിയാത്തതോടെ ടീമിന് ദയനീയ തോൽവിയും ഒടുവിൽ ഏകദിനത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ പടിയിറക്കവും.
ലയണൽ മെസ്സി എന്നാ എക്കാലത്തെയും മികച്ച ഫുട്ബോളർ മൂന്നു ഫൈനലുകളിൽ തോൽവി രുചിച്ചവനാണ്. എങ്കിലും അയാൾക്ക് ദൈവം നൽകിയ തിരിച്ചു വരവ് നാം കണ്ടതാണ്. സംഗക്കാരയും രണ്ട് ഏകദിന ഫൈനൽ തോൽവി രുചിച്ചവനാണ്. തന്റെ അവസാന ലോകക്കപ്പിൽ തന്നാൽ കഴിയുന്നത് എല്ലാം ചെയ്തിട്ടും ടീമിനെ ലക്ഷ്യത്തിൽ എത്തിക്കാതെ പോയവനും .ചിലപ്പോൾ ഒക്കെ സ്പോർട്സ് അങ്ങനെയാണ്.!!!!!
Happy bday kumar sangakkara
(കുറച്ചു ലോകക്കപ്പ് വിശേഷങ്ങൾ തുടരും )