ഏഴു കൊല്ലം മുന്നേ ക്രിക്കറ്റ് ഉപേക്ഷിച്ചവൻ, ഇന്ന് നെതർലാൻഡ്സിന്റെ രക്ഷകൻ..
വിരാട് കോഹ്ലിയേയും കെയ്ൻ വില്യംസനെയും സ്റ്റീവ് സ്മിത്തിനെയുമെല്ലാം ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച 2008 അണ്ടർ-19 ലോകക്കപ്പിലേക്ക് ഒരു യാത്ര പോവാം.യാത്രയിൽ എവിടെയോ പപ്യൂനിയ ഗിനിയ ദക്ഷിണ ആഫ്രിക്ക മത്സരം കാണാം. അവിടെ "ബെസ്റ്റ് എവർ ക്യാച്ച് ഇൻ ക്രിക്കറ്റ് ഹിസ്റ്ററി" എന്ന് വിശേഷപിച്ച ഒരു ക്യാച്ചും ആസ്വദിക്കും.
മേലെ പറഞ്ഞ മൂന്നു താരങ്ങളും ക്രിക്കറ്റ് ലോകത്ത് എഴുതിയ ചരിത്രങ്ങൾ പാടി പുകഴ്ത്തേണ്ടതില്ല. എന്നാൽ ആ ക്യാച്ചിന്റെ ഉടമയേ പറ്റി ഇന്നത്തെ പകലിന് മുന്നേ ഒരു ക്രിക്കറ്റ് ആരാധകരും അത്രമേൽ ശ്രവിച്ചു കാണില്ല.തന്റെ ഫീൽഡിങ് മികവ് മറ്റൊരു മേഖലയിലേക്ക് പകർത്താൻ കഴിയാതെയിരുന്ന ആ താരത്തിന്റെ പേര് സൈബ്രാൻഡ് എയ്ങ്കൽബ്രെത്ത്.
ആഭ്യന്തര മത്സരങ്ങളിലോ ഫ്രാഞ്ചൈസി ലീഗുകളിലോ ഒരു തവണ പോലും മികവ് പുലർത്താൻ കഴിയാതെ പോയവൻ.ഒടുവിൽ 2016 ൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു.ഇനി ക്രിക്കറ്റ് കളിക്കുക എന്നത് ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നു. എം. ബി. എ ചെയ്തു ജോലിയിൽ പ്രവേശിക്കുന്നു.
എന്നാൽ ക്രിക്കറ്റിൽ ഒരു തവണയെങ്കിലും എന്നും ഓർത്തു വെക്കാൻ കഴിയുന്ന നിമിഷം ക്രിക്കറ്റ് ആരാധകർക്ക് സമ്മാനിക്കണമെന്ന് അദ്ദേഹത്തിന് തോന്നി കാണണം.അങ്ങനെയാവണം ക്ലബ് ക്രിക്കറ്റ് കളിക്കാൻ അദ്ദേഹം നെതർലാൻഡ്‌സിൽ എത്തുന്നതും.തുടർന്ന് ജൂണിൽ നെതർലാൻഡ്‌സിന് വേണ്ടി കളിക്കാൻ യോഗ്യത നേടുന്നു.
150 താരങ്ങൾ എത്തിയ ലോകക്കപ്പിലെ ഒരേ ഒരു അൺക്യാപ്പഡ് താരത്തിന് രണ്ട് മത്സരങ്ങൾക്ക് മുന്നേ തന്റെ 35 മത്തെ വയസ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം ലഭിക്കുന്നു. ഒടുവിൽ ശ്രീലങ്കക്കെതിരെ തകർച്ചയിലേക്ക് കൂപ്പുകുത്തിയ തന്റെ ടീമിനെ വാൻ ബീക്കിനെ കൂട്ടുപിടിച്ചു ലോകക്കപ്പിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിൽ ഒന്ന് പുറത്തെടുക്കുന്നു.
ലോകക്കപ്പിന്റെ ചരിത്രങ്ങൾ പരിശോധിക്കുമ്പോൾ സാക്ഷാൽ മഹേന്ദ്ര സിംഗ് ധോണിയും ജഡേജയും തീർത്ത ഏറ്റവും ഉയർന്ന ഏഴാം ബാറ്റിംഗ് വിക്കറ്റ് കൂട്ടുകെട്ട് എന്ന നേട്ടം പഴങ്കഥയാക്കിയ എയ്ങ്കൽബ്രെത്തിനെയും കൂട്ടുകാരനെയും കാണാം..
എയ്ങ്കൽബ്രെത്തും ഒരു പാഠമാണ്. സ്വപ്നങ്ങൾ സാധ്യമാക്കാൻ പ്രായം ഒരു തടസ്സമല്ലെന്ന് ഒള്ള പാഠം...