ധോണി യുഗം അവസാനിക്കുന്നു...
എംഎസ് ധോണി ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകസ്ഥാനം ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് കൈമാറി. ഐപിഎൽ 2022-ന്റെ ഉദ്ഘാടന മത്സരത്തിന് രണ്ട് ദിവസം മുമ്പാണ് ഈ ഞെട്ടിക്കുന്ന തീരുമാനം . 2012 മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ അവിഭാജ്യ ഘടകമായ ജഡേജ, സിഎസ്കെയെ നയിക്കുന്ന മൂന്നാമത്തെ ക്യാപ്റ്റനായിരിക്കും. ഈ സീസണിലും മുന്നോട്ടുള്ള സീസണുകളിലും ധോണി ചെന്നൈ സൂപ്പർ കിംഗ്സിനെ പ്രതിനിധീകരിക്കുന്നത് തുടരും.
നേരത്തെ, ഐപിഎൽ ലേലത്തിന് മുന്നേ രവീന്ദ്ര ജഡേജ, എംഎസ് ധോണി, മൊയിൻ അലി, റുതുരാജ് ഗെയ്ക്വാദ് എന്നിവരെ ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തിയിരുന്നു. ജഡേജയെ 16 കോടിക്ക് നിലനിർത്തിയപ്പോൾ ധോണിയെ 12 കോടിക്ക് സ്വന്തമാക്കിയിരുന്നു. അലിയെ 8 കോടി രൂപയ്ക്ക് ചെന്നൈ നിലനിർത്തിയപ്പോൾ ഗെയ്ക്വാദിനെ 6 കോടി രൂപയ്ക്ക് സ്വന്തമാക്കി. ഐപിഎൽ 2021 ന് മുന്നോടിയായുള്ള ലേലത്തിൽ സിഎസ്കെ ഏഴ് കോടി രൂപയ്ക്ക് മൊയിൻ അലിയെ വാങ്ങിയിരുന്നു എന്നതതും ശ്രദ്ധേയമാണ്.
സിഎസ്കെ സിഇഒ കാശി വിശ്വനാഥൻ, നേതൃത്വ മാറ്റം സുഗമമാകണമെന്ന് ധോണി ആഗ്രഹിക്കുന്നുവെന്നും ടീമിനായി ജഡേജ തയ്യാറാണെന്ന് കരുതുന്നതായും അറിയിച്ചിരുന്നു. മാർച്ച് 26 ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ സീസണിലെ ഉദ്ഘാടന മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനായി ടീം പുറപ്പെടുന്നതിന് മുമ്പ് വ്യാഴാഴ്ച നടന്ന ടീം മീറ്റിംഗിൽ ധോണി തീരുമാനം പ്രഖ്യാപിച്ചതായി സിഇഒ അറിയിച്ചു.
ജഡേജ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണെന്ന് ധോണി വിശ്വസിക്കുന്നതായും അദ്ദേഹത്തിൽ നിന്ന് നായകസ്ഥാനം ഏറ്റെടുക്കാൻ ജഡേജക്ക് പറ്റിയ സമയമാണിതെന്നും സിഇഒ കൂട്ടിച്ചേർത്തു. “ജഡ്ഡുവിന് ക്യാപ്റ്റൻസി കൈമാറാനുള്ള ശരിയായ സമയമാണിതെന്ന് ധോണിക്ക് തോന്നി. ജഡ്ഡു തന്റെ കരിയറിന്റെ ഏറ്റവും മികച്ച ഫോമിലാണെന്നും സിഎസ്കെയെ നയിക്കാൻ അദ്ദേഹത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും ധോണി എന്നോട് പറഞ്ഞു". ഫ്രാഞ്ചൈസിക്ക് വേണ്ടിയുള്ള എല്ലാ നല്ല കാര്യങ്ങളും ധോണിയുടെ മനസ്സിലുണ്ടെന്ന് വിശ്വനാഥൻ വിശ്വസിക്കുന്നു.
2012 മുതൽ ഫ്രാഞ്ചൈസിക്കൊപ്പമുള്ള ജഡേജ, ധോണിക്കും സുരേഷ് റൈനക്കും ശേഷം ശേഷം ചെന്നൈ സൂപ്പർ കിംഗ്സ് ടീമിനെ നയിക്കുന്ന മൂന്നാമത്തെ താരമാകും.കഴിഞ്ഞ സീസണിൽ മറ്റു ടീമുകളെ തച്ചുടച്ചുകൊണ്ട് ധോണിയുടെ നേതൃത്വത്തിൽ ചെന്നൈ ചാമ്പ്യന്മാരായിരുന്നു.ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിച്ചത് മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഐക്കണും ക്യാപ്റ്റനുമായിരുന്നു ധോണി.ഈ മാറ്റം ചെന്നൈ സൂപ്പർകിങ്സിന്റെ ഓരോ ആരാധകർക്കും ധോണി യുഗത്തിന്റെ അവസാനം കൂടിയാണ്.