ലോകക്കപ്പിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്ന്..
തങ്ങളുടെ ആദ്യത്തെ മൂന്നു ലോകക്കപ്പിന് ശേഷം വെസ്റ്റ് ഇൻഡീസ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ലോകക്കപ്പായിരുന്നു അത്.ലാറയും ചന്ദർപോളും ബാറ്റ് കൊണ്ടും ആംബ്രോസ് ബൗൾ കൊണ്ടും വിൻഡിസിനെ മുന്നിൽ നിന്ന് നയിച്ച ലോകകപ്പ്.എന്നാൽ ഇതേ ലോകക്കപ്പിൽ തന്നെയാണ് വെസ്റ്റ് ഇൻഡീസിന് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്ന് നേരിടേണ്ടി വന്നതും.
നാല് കൊല്ലത്തിൽ ഒരിക്കൽ മാത്രം വിരുന്ന് എത്തുന്നു ഫെബ്രുവരി 29. ആറാം ലോകക്കപ്പിലെ 20 മത്തെ മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് കെനിയേ നേരിടുകയാണ്.ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് നായകൻ റിച്ചി റീചാർഡ്സൺ ബൗളിംഗ് തിരഞ്ഞെടുത്തു.ആംബ്രോസും വാൽഷും ന്യൂ ബോളുമായി എത്തി.ടിക്കോളയും മോഡിയും പൊരുതിനോക്കി.വാൽഷിന്റെയും ഹാർപറിന്റെയും മൂന്നു വിക്കറ്റ് മികവിൽ കെനിയ 166 റൺസിന് ഓൾ ഔട്ട്.
മറുപടി ബാറ്റിങ്ങിന് വെസ്റ്റ് ഇൻഡീസ് ഇറങ്ങുകയാണ് . നിസാര ലക്ഷ്യം എന്നാ രീതിയിൽ തന്നെ വിൻഡിസ് ബാറ്റിംഗ് ആരംഭിച്ചു.റീചാർഡ്സൺ വീണു, ലാറ വീണു, ചന്ദർപോളും വീണു. ഓരോ വിൻഡിസ് ബാറ്റർമാർ തുടരെ തുടരെ ഡഗ് ഔട്ടിലേക്ക് മടങ്ങി.ഒടുവിൽ 35.2 ഓവറിൽ 73 റൺസ് അകലെ 93 റൺസിന് വെസ്റ്റ് ഇൻഡീസ് പുറത്ത്.15 റൺസ് വിട്ട് കൊടുത്തു 3 വിക്കറ്റ് നേടിയ കെനിയ ബൗളേർ മൗറീസ് ഒടുമ്പേ മത്സരത്തിലെ താരമായി.
ഏകദിന ക്രിക്കറ്റിലെ കെനിയയുടെ ചരിത്രത്തിലെ ആദ്യത്തെ വിജയമായിരുന്നു ഇത്. മാത്രമല്ല വെസ്റ്റ് ഇൻഡീസ് ആദ്യമായി ഒരു അസോസിയേറ്റ് രാജ്യത്തോടെ തോൽവി രുചിച്ചു എന്നാ പ്രത്യേകത കൂടി ഈ മത്സരത്തിനുണ്ട് . ഏകദിന ലോകകപ്പ് ചരിത്രം പരിശോധിച്ചാൽ ഏറ്റവും വലിയ അട്ടിമറികളുടെ പട്ടികയിലെ ആദ്യത്തെ പേരുകളിൽ ഒന്നിൽ ഈ മത്സരവും കാണും.
(കുറച്ചു ലോകകപ്പ് വിശേഷങ്ങൾ തുടരും)