ലോകക്കപ്പിലെ ഇതിഹാസ കാവ്യങ്ങളിൽ ഒന്നിൽ പൊരുതി വീണ കാർലോസ് ബ്രാത്വെയറ്റ്
ലോകക്കപ്പ് ക്രിക്കറ്റ് ചരിത്രങ്ങൾ എന്നും ഒരുപാട് കർണന്മാരുടെ കഥകൾ പറയാറുണ്ട്.ലോകക്കപ്പിന്റെ പോരാട്ട ഭൂമിയിൽ തകർന്നു വീണ ഒരു കൂട്ടം കളിക്കാരെ കഴിഞ്ഞ നാളുകളിൽ ലോകകപ്പ് ദർശിച്ചിട്ടുള്ളതുമാണ്. ഇന്നത്തെ കുറച്ചു ലോകക്കപ്പ് വിശേഷങ്ങളിലും ഇത്തരത്തിൽ ഒരു കർണന്റെ കഥയാണ്.2019 ജൂൺ 22 ന്ന് മാഞ്ചേസ്റ്ററിലെ ന്യൂസിലാൻഡ് വെസ്റ്റ് ഇൻഡീസ് യുദ്ധ ഭൂമിയിൽ പോരാടി പൊരുതി വീണ കാർലോസ് ബ്രാത്വെയറ്റിന്റെ കഥ.
ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് നായകൻ ഹോൾഡർ ബൗളിംഗ് തിരഞ്ഞെടുത്തു.കോട്ടറെലിന്റെ ഓപ്പണിങ് സ്പെല്ലിൽ കിവി ഓപ്പനർമാർ ഡഗ് ഔട്ടിലേക്ക്. തുടർന്ന് നായകൻ വില്യംസന്റെയും റോസ്സ് ടെയ്ലറുടെയും രക്ഷപ്രവർത്തനം. വില്യംസൺ 148 റൺസും ടെയ്ലർ 69 റൺസും സ്വന്തമാക്കി.50 ഓവറിൽ കിവീസ് 8 വിക്കറ്റ് നഷ്ടത്തിൽ 291 റൺസ്.
292 റൺസ് പിന്തുടരാൻ ഇറങ്ങിയ വെസ്റ്റ് ഇൻഡീസിന് തുടക്കത്തിൽ തന്നെ ഹോപ്പിനെയും പൂരാനെയും നഷ്ടമായി. ഗെയ്ലും ഹെറ്റ്മൈറും ഫിഫ്റ്റി സ്വന്തമാക്കി. വിജയത്തിലേക്ക് മുന്നേറി കൊണ്ടിരുന്ന വെസ്റ്റ് ഇൻഡീസ് തകർച്ച നേരിട്ടു .2 വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് എന്നാ നിലയിൽ നിന്ന് 7 ന്ന് 164 എന്നാ നിലയിലേക്ക് ടീം കൂപ്പ് കുത്തി.
തനിക്ക് ചുറ്റുമുള്ള വിക്കറ്റുകൾ വീഴുമ്പോഴും കാർലോസ് ബ്രാത്വെയറ്റ് മെല്ലെ സ്കോർ ഉയർത്തി. വാലറ്റത്തെ കൂട്ടുപിടിച്ചു പതിയ തുടങ്ങിയ ഇന്നിങ്സിലേക്ക് പിന്നീട് സിക്സറുകളും ബൗണ്ടറികളും വന്നെത്തി.45 മത്തെ ഓവറിൽ കോട്ട്റൽ ഒൻപതമാനായി പുറത്താവുമ്പോൾ വെസ്റ്റ് ഇൻഡീസ് സ്കോർ 245 റൺസ്.30 പന്തിൽ ഇനി വെസ്റ്റ് ഇൻഡീസിന് വേണ്ടത് 42 റൺസ്.
46 മത്തെ ഓവർ എറിയാൻ ബോൾട്ട് എത്തുന്നു.ആദ്യ പന്ത് ബൗണ്ടറി നേടിയ ബ്രാത്വെയറ്റ് അടുത്ത പന്തിൽ ഡബിൾ സ്വന്തമാക്കുന്നു. മൂന്നാമത്തെ പന്ത് സിംഗിൾ സ്വന്തമാക്കിയ അദ്ദേഹം അടുത്ത മൂന്നു പന്തുകൾ പ്രതിരോധിക്കാൻ തോമസിനെ ക്ഷണിക്കുന്നു. തോമസ് തന്റെ ദൗത്യം ഭംഗിയായി നിവൃത്തിക്കുന്നു.47 മത്തെ ഓവറിൽ ഫെർഗുസനെതിരെ ഒരു സിക്സർ മാത്രമാണ് ബ്രാത്വെയറ്റിന് സ്വന്തമാക്കാൻ കഴിഞ്ഞതും.
അടുത്ത മൂന്നു ഓവറിൽ വെസ്റ്റ് ഇൻഡീസിന് ജയിക്കാൻ വേണ്ടത് 33 റൺസ്.48 മത്തെ ഓവറിനായി മാറ്റ് ഹെൻറി എത്തുന്നു.തുടർച്ചയായി മൂന്നു സിക്സറും ഒരു ബൗണ്ടറിയും കടത്തി വിൻഡിസിനെ ലക്ഷ്യത്തിലേക്ക് എത്തിക്കുമെന്ന് തോന്നിച്ച നിമിഷം,12 പന്തിൽ ഇനി വേണ്ടത് 8 റൺസ്.ഡബിളുകളും സിംഗിളും സ്വന്തമാക്കി കൊണ്ട് ബ്രാത്വെയ്റ്റ് 49 മത്തെ ഓവറിലെ അവസാന പന്തിൽ ഒരു സിക്സറിന് ശ്രമിക്കുന്നു.എന്നാൽ ലോങ്ങ് ഓണിൽ ബോൾട്ട് ബോൾ തന്റെ കൈപിടിയിൽ ഒതുക്കിയതോടെ എക്കാലത്തെയും മികച്ച ലോകക്കപ്പ് ഇന്നിങ്സുകളിൽ ഒന്ന് വിജയതീരം കാണാതെ തോൽവിയിലേക്ക് ചെന്നെത്തുന്നു.
ലോക കപ്പ് കണ്ട എക്കാലത്തെയും മികച്ച ഇന്നിങ്സുകളിൽ ഒന്ന് തന്നെയായിരുന്നു അത്. തോൽവി രുചിച്ച മത്സരങ്ങളിൽ ഒരു പക്ഷെ ലോകക്കപ്പുകളിൽ ഏറ്റവും മികച്ച ഏകദിന ഇന്നിങ്സുകളിൽ ഒന്നും..
8 days to go for world കപ്പ്
(കുറച്ചു ലോകക്കപ്പ് വിശേഷങ്ങൾ തുടരും )