ഇംഗ്ലണ്ട് പഴയ ഇംഗ്ലണ്ട് അല്ലായിരുന്നിരിക്കും , പക്ഷെ മലിംഗ പഴയ മലിംഗ തന്നെയായിരുന്നു , ലോകക്കപ്പിൽ ഇംഗ്ലണ്ടിനെതിരെയുള്ള ആ എപ്പിക്ക് സ്പെല്ലിന്റെ കഥ..

ഇംഗ്ലണ്ട് പഴയ ഇംഗ്ലണ്ട് അല്ലായിരുന്നിരിക്കും , പക്ഷെ മലിംഗ പഴയ മലിംഗ തന്നെയായിരുന്നു , ലോകക്കപ്പിൽ ഇംഗ്ലണ്ടിനെതിരെയുള്ള ആ എപ്പിക്ക് സ്പെല്ലിന്റെ കഥ..
(Pic credit:Espncricinfo )

2019 ജൂൺ 21, ലീഡ്‌സിൽ തങ്ങളുടെ ബാറ്റിംഗ് ഇന്നിങ്സ് അവസാനിച്ച ശേഷം ശ്രീലങ്ക തിരിഞ്ഞു നടക്കുകയാണ്.233 റൺസ് എന്നാ വിജയലക്ഷ്യം മാത്രമാണ് ലങ്കക്ക് ഇംഗ്ലണ്ടിന് മുമ്പിൽ വെക്കാൻ കഴിഞ്ഞിരിക്കുന്നത്. തുടർച്ചയായി 400 കളും 300 കളും സ്വന്തമാക്കുന്ന ഒരു ടീമിന് ഇത് നിസ്സാരം എന്ന് ക്രിക്കറ്റ്‌ പ്രേമികളും ഒരു പക്ഷെ ലങ്കൻ ആരാധകർ പോലും കരുതി കാണണം.

പക്ഷെ ലങ്കൻ ഇന്നിങ്സിനും ഇംഗ്ലണ്ട് ഇന്നിങ്സിനും ഇടയിൽ ലങ്കൻ ഡ്രസിങ് റൂമിലും ക്രിക്കറ്റ്‌ ആരാധകർക്ക് ഇടയിലും ഒരു സംഭാഷണം നടന്നിട്ടുണ്ടാവാം . അവർ ഇങ്ങനെ സംസാരിച്ചു കാണണം..

"അവന്മാർ ഒക്കെ ഇത് എളുപ്പത്തിൽ അടിച്ചു എടുക്കും. എത്ര ഓവർ നമുക്ക് അവരെ പിടിച്ചു നിർത്താൻ കഴിയും "

"ഇംഗ്ലണ്ട് പഴയ ഇംഗ്ലണ്ട് അല്ല "

"ഈ കളി ഇംഗ്ലണ്ട് എന്തായാലും ജയിക്കും, ഇത് ഇനി കാണുന്നതിൽ ഒരു അർത്ഥമില്ല "

ഇത് എല്ലാം കേട്ട് കൊണ്ട് ലങ്കൻ ഡഗ് ഔട്ടിൽ ഒരു 35 വയസ് കാരൻ ഇരിക്കുന്നുണ്ടായിരുന്നു. അയാൾ തന്റെ മനസ്സിൽ ഇങ്ങനെ മന്ത്രിച്ചു കാണണം.

"ഇംഗ്ലണ്ട് പഴയ ഇംഗ്ലണ്ട് അല്ലായിരിക്കും പക്ഷെ താൻ പഴയ താൻ തന്നെയാണെന്ന്".

ഇംഗ്ലണ്ട് ഇന്നിങ്സിന്റെ രണ്ടാമത്തെ പന്തിൽ അയാൾ ലസിത് മലിംഗ ഒരു ഫുൾ ലെങ്ത് ഡെലിവറിയിൽ സംപൂജ്യനാക്കി ബെയർസ്റ്റോയെ തിരകെ ഡ്രസിങ് റൂമിലേക്ക് മടക്കുകയാണ്. അധികം വൈകാതെ സഹ ഓപ്പനർ വിൻസ് കൂടി മലിംഗയുടെ പന്തിൽ ജീവൻ മെൻഡിസിന് ക്യാച്ച് നൽകി മടങ്ങി.

റൂട്ട് ഒരൊറ്റത്തു വേര് പോലെ ഉറച്ചു നിന്നു. സ്റ്റോക്സ് കൂടി ഒപ്പമെത്തിയതോടെ ഇംഗ്ലണ്ട് മത്സരം അനായാസം സ്വന്തമാക്കുമെന്ന് കരുതി. അവിടെ ഒരിക്കൽ കൂടി അയാൾ അവതരിക്കുകയാണ്.

പഴയ മലിംഗക്ക് മാർക്ക്‌ ചെയ്യാൻ കഴിയാത്ത ഏത് ബാറ്ററാണ് ലോകത്ത് ഒള്ളത് എന്നാ ചോദ്യത്തോടെ തുടങ്ങിയ സ്പെല്ലിൽ റൂട്ട് പുറത്ത്. തുടർന്ന് വിന്റജ് മലിംഗയെ ഓർമിപ്പിക്കുന്ന വിധത്തിൽ ഒരു യോർക്കർ ഡെലിവറിക്ക് ബറ്റ്ലർക്ക് ഉത്തരം ഇല്ലാതെയായതോടെ ലങ്ക വിജയ തീരത്തേക്ക് അടുത്ത് കഴിഞ്ഞു. സ്റ്റോക്സിന്റെ പോരാട്ടത്തിന് ഒടുവിൽ ലങ്ക മത്സരം വിജയിച്ചു കേറുമ്പോൾ 10 ഓവറിൽ 43 റൺസ് വിട്ട് കൊടുത്തു 4 വിക്കറ്റ് ലസിത് മലിംഗ സ്വന്തമാക്കിയിരുന്നു.

ആവേശകരമായ മത്സരത്തിന് ഒടുവിൽ തല മൂത്ത ക്രിക്കറ്റ്‌ ആരാധകർ ഇളം തലമുറയിലെ ക്രിക്കറ്റ്‌ ആരാധകരോട് ഇങ്ങനെ പറഞ്ഞു കാണണം..

"നീ ഒന്നും കാണാത്ത നീ ഒന്നും അറിയാത്ത ഒരു മലിംഗയെ ഞങ്ങൾ കണ്ടിട്ടുണ്ട്. ആ മലിംഗയുടെ നൂറിൽ ഒരു ശതമാനം മാത്രമാണ് നിങ്ങൾ ഇവിടെ കണ്ടത്.."

മാൻ ഓഫ് ദി പുരസ്‌കാരം ഏറ്റുവാങ്ങി തിരകെ നടന്ന മലിംഗ ആ ചെറുപുഞ്ചിരിയിൽ പറയാതെ പറയുന്നുണ്ടായിരുന്നു.

"ഇംഗ്ലണ്ട് പഴയ ഇംഗ്ലണ്ട് അല്ലായിരിക്കും. എന്നാൽ ഈ മലിംഗ പഴയ മലിംഗ തന്നെയാണ്."

Join our WhatsApp group