വീണ്ടും ഒരു ലോകകപ്പ്, വീണ്ടും വെസ്റ്റ് ഇൻഡീസ്, ലോകകപ്പ് ചരിത്രം രണ്ടാം ഭാഗം
വീണ്ടും ഒരു ലോകകപ്പ്,വീണ്ടും വേദിയായി ഇംഗ്ലണ്ട്, വീണ്ടും ജേതാക്കളായി വെസ്റ്റ് ഇൻഡീസ്.1979 ലോകക്കപ്പ് വെസ്റ്റ് ഇൻഡീസിന്റെ മാത്രമായിരുന്നു. സാക്ഷാൽ വിവിയൻ റീചാർഡസിന്റെ മാത്രമായിരുന്നു. ആദ്യ ലോകക്കപ്പ് പോലെ തന്നെ എട്ടു ടീമുകൾ ഈ ലോകകപ്പിനുമെത്തി. ഈസ്റ്റ് ആഫ്രിക്കക്ക് പകരം കാനഡ എത്തി എന്നത് ഒഴിച്ചാൽ ടീമുകളിൽ വേറെ മാറ്റം ഒന്നും തന്നെയുണ്ടായില്ല.
എ ഗ്രൂപ്പിൽ വെസ്റ്റ് ഇൻഡീസിനും ശ്രീലങ്കക്കും ന്യൂസിലാൻഡിന് ഒപ്പം ഇന്ത്യ. ബി ഗ്രൂപ്പിൽ കാനഡ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാൻ എന്നിവർ.
ഗ്രൂപ്പിലെ സകലരെയും നിഷ്പ്രഭമാക്കി കൊണ്ട് വെസ്റ്റ് ഇൻഡീസ് സെമിയിലേക്ക്.ഗ്രീൻഡിജിന്റെ സെഞ്ച്വറി മികവിൽ ഇന്ത്യയെ തകർത്ത ഒൻപത് വിക്കറ്റ് വിജയം.ശ്രീലങ്കക്കെതിരെയുള്ള മത്സരം ഉപേക്ഷിക്കപെട്ടു.നായകൻ ക്ലൈവ് ലോയ്‌ഡിന്റെ മികവിൽ ന്യൂസിലാന്റിനെയും തകർത്ത് കൊണ്ട് സെമിയിലേക്ക്.ഇന്ത്യയും ശ്രീലങ്കയും തോൽപിച്ചു കൊണ്ട് ന്യൂസിലാൻഡും സെമിയിൽ.
ശ്രീലങ്കയോട് തോൽവി രുചിച്ച ഇന്ത്യ ചരിത്രത്തിൽ ആദ്യമായി ഒരു അസോസിയേറ്റ് രാജ്യത്തോട് തോറ്റ ടെസ്റ്റ് രാജ്യമായി മാറി. മാത്രമല്ല ഒരു മത്സരം പോലും ജയിക്കാതെ ടൂർണമെന്റിൽ നിന്ന് പുറത്താകുന്ന ആദ്യത്തെ ടെസ്റ്റ് രാജ്യമായി ഇന്ത്യയും മാറി.
ബി ഗ്രൂപ്പിൽ ഇംഗ്ലണ്ട് സമഗ്രാധിപത്യത്തോടെ സെമിയിലേക്ക്.ഇംഗ്ലണ്ടിനോട് മാത്രം തോറ്റ പാകിസ്ഥാനും ഏഷ്യയിൽ നിന്ന് ലോകകപ്പ് സെമിയിൽ പ്രവേശിക്കുന്ന ആദ്യത്തെ ടീമുമായി മാറി.
സെമിയിൽ ഇംഗ്ലണ്ടിന് എതിരാളികൾ ന്യൂസിലാൻഡും വെസ്റ്റ് ഇൻഡീസിന് എതിരാളികൾ പാകിസ്ഥാനും.ലോകകപ്പിലെ ഏറ്റവും മികച്ച സെമി ഫൈനലുകളിൽ ഒന്നിൽ ന്യൂസിലാൻഡിനെ മറികടന്നു ഇംഗ്ലണ്ട് തങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ ഫൈനലിലേക്ക്.ഈ തവണ ബാറ്റിന് പകരം ബോൾ കൊണ്ട് റീചാർഡ്‌സ് വിപ്ലവം രചിച്ചപ്പോൾ ലോകക്കപ്പിന്റെ ചരിത്രത്തിൽ ഒരു തോൽവി പോലുമില്ലാതെ വെസ്റ്റ് ഇൻഡീസ് തങ്ങളുടെ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്.
കിരീടം നിലനിർത്താൻ വെസ്റ്റ് ഇൻഡീസ്, ക്രിക്കറ്റിന്റെ മെക്കയിൽ ആദ്യ കിരീടത്തിനായി ക്രിക്കറ്റിന്റെ തറവാട്ടുകാർ. എന്നാൽ ലോകകപ്പ് ഫൈനൽ മൂന്നു വെസ്റ്റ് ഇൻഡീസ് താരങ്ങളിലേക്ക് മാത്രം ചുരുങ്ങുന്ന കാഴ്ചയാണ് ലോർഡ്സ് കണ്ടത്. സാക്ഷാൽ വിവിയൻ റീചാർഡ്‌സിന്റെ വക എക്കാലത്തെയും ക്ലാസിക്കൽ സെഞ്ച്വറികളിൽ ഒന്ന്, തുടർന്ന് കോളിൻസ് കിങ്ങിന്റെ 66 പന്തിൽ 86.ഒടുവിൽ ഇംഗ്ലണ്ടിന്റെ ദേഹത്തേക്ക് അവസാന ആണിയും അടിച്ചു കേറ്റിയ ഗാർണറിന്റെ ഫൈഫർ. യെസ്, വെസ്റ്റ് ഇൻഡീസ് വോൻ ദി വേൾഡ് കപ്പ് ഫോർ ദി സെക്കന്റ് ടൈം ഇൻ എ റോ..
(കുറച്ചു ലോകകപ്പ് വിശേഷങ്ങൾ തുടരും )