ലോകം കീഴടക്കാൻ ഇറങ്ങി പുറപ്പെട്ടിട്ട് അവസാന നിമിഷങ്ങളിൽ വീണു പോയ അലക്സാണ്ടർ ആയിരുന്നു അന്ന് അയാൾ..

ലോകം കീഴടക്കാൻ ഇറങ്ങി പുറപ്പെട്ടിട്ട് അവസാന നിമിഷങ്ങളിൽ വീണു പോയ അലക്സാണ്ടർ ആയിരുന്നു അന്ന് അയാൾ..
(Pic credit:Espncricinfo )

ഒരു രാജാവിന്റെ കഥ പറയാം,മുന്നിൽ നിന്ന് പടപൊരുതിയ ഒരു രാജാവ്, തനിക്ക് എന്തെങ്കിലും സംഭവിച്ചാലോ എന്നാ ഭയം ഒന്നും അയാളെ പിന്നോട്ട് വലിച്ചിരുന്നില്ല .യുദ്ധങ്ങൾക്ക് പുറപ്പെടുമ്പോഴും തന്റെ രാജ്യത്തിനെ മുന്നിൽ നിന്ന് നയിച്ചവനായിരുന്നു അയാൾ . ഒടുവിൽ ഒരു കൈ അകലെ ലോകം കാൽ കീഴിലാക്കാൻ കഴിയുമായിരുന്നിട്ടും അവസാന അങ്കത്തിൽ പരാജയപെടേണ്ടിവന്നവൻ..

അതെ,2015 ലോകക്കപ്പിൽ കിവീസ് നായകൻ സാക്ഷാൽ ബ്രേൻഡൻ മക്കല്ലത്തിന്റെ പ്രകടനം ഇങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്ക് ഇഷ്ടം. തന്റെ വിക്കറ്റുകൾ സൂക്ഷിച്ചു കളിക്കാൻ ഒരിക്കലും ആ ടൂർണമെന്റിൽ അദ്ദേഹം തയ്യാറായിരുന്നില്ല. ടീമിന് ഏറ്റവും മികച്ച തുടക്കം നൽകുക എന്നത് ഒഴിച്ച് മറ്റൊന്നും അയാളുടെ മനസ്സിൽ ഉണ്ടായിരുന്നില്ല. ആ നിശ്ചയദാർഢ്യത്തിന് മുന്നിൽ പല വമ്പന്മാരും മാറി കൊടുത്തതാണ്. സ്‌റ്റെയ്‌നും സ്റ്റാർക്കുമെല്ലാം ആ ബാറ്റിന്റെ ചൂട് അറിഞ്ഞതുമാണ്.

188 പ്രഹരശേഷിയിൽ 17 കൂറ്റൻ സിക്സറുകൾ അടക്കം ആ പ്യുമ ബാറ്റിൽ നിന്ന് പിറന്നത് 328 റൺസായിരുന്നു. പ്രണയദിനത്തിൽ ശ്രീലങ്കയേ തകർത്തു കൊണ്ടാണ് അയാൾ തുടങ്ങിയത്. 49 പന്തിൽ ഒരു 65 റൺസ്. ഫലമോ കിവീസിന് 98 റൺസ് വിജയം. സ്കോട്ട്ലാൻഡിനെതിരെയുള്ള അടുത്ത മത്സരത്തിൽ 12 പന്തിൽ 15 റൺസ്, മൂന്നു വിക്കറ്റിന്റെ ന്യൂസിലാൻഡ് വിജയം.

ഫെബ്രുവരി 20,2015 ഇതിനോടകം തന്നെ ഈ ലോകക്കപ്പിൽ തന്റെ ബാറ്റിൽ നിന്ന് എന്താണ് വരാൻ പോകുന്നത് എന്നാ സൂചന നൽകിയ മക്കല്ലം ഇംഗ്ലണ്ടിനെതിരെ. സൗത്തീയുടെ തീ തുപ്പുന്ന പന്തുകളിൽ ഇംഗ്ലണ്ട് ചീട്ടുകൊട്ടാരം പോലെ തകർന്നു.പ്രതിരോധിക്കാൻ ഇറങ്ങിയ ഇംഗ്ലീഷ് ബൗളേർമാരെ നിഷ്കരുണം ഗാലറികളിൽ എത്തിച്ച 25 പന്തിൽ 77.കിവിസിന് 8 വിക്കറ്റ് വിജയം.

തുടർന്ന് ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച മത്സരങ്ങളിൽ ഒന്നിൽ ഓസ്ട്രേലിയക്കെതിരെ 24 പന്തുകളിൽ 54, പിന്നാലെ വന്ന അഫ്ഗാനെതിരെ 19 പന്തിൽ 42, ബംഗ്ലാദേശിനെതിരെ ബാറ്റ് കൊണ്ട് പരാജയം. തുടർന്ന് ഒരു മത്സരം പോലും തോൽക്കാതെ കിവീസ് ക്വാർട്ടറിലേക്ക്. വെസ്റ്റ് ഇൻഡീസിനെതിരെയും തന്റെ ബാറ്റ് ശബ്ദിക്കാതെ പോയപ്പോൾ ലോകക്കപ്പിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായി ഗുപ്റ്റിൽ കളം വാണതോടെ ന്യൂസിലാൻഡ് സെമിയിലേക്ക്.

സെമിയിൽ കിവിസിനെ കാത്തിരുന്നത് ടൂർണമെന്റിലെ ഹോട്ട് ഫേവറിറ്റുകളായ സൗത്ത് ആഫ്രിക്ക. സ്‌റ്റെയ്‌നെ ഫിലാൻഡറിനെയും തല്ലി തകർത്ത് കൊണ്ട് 26 പന്തിൽ 59. ഈ ഇന്നിങ്സിൽ നിന്ന് ഊർജം കൊണ്ട് എല്ലിയോറ്റിലൂടെ എ ബി ഡിയെയും കൂട്ടുകാരെയും കണ്ണീരിലാഴ്ത്തി കൊണ്ട് ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് ഫൈനലിലേക്ക്.

ലോകക്കപ്പ് ഇനി ഒരൊറ്റ മത്സരം മാത്രം അകലെ. കാത്തിരിക്കുന്നത് മൈക്കിൾ ക്ലാർക്കിന്റെ ഓസ്ട്രേലിയ. ടോസ് നേടിയ മക്കല്ലം ബാറ്റിംഗ് തിരഞ്ഞെടുത്തു.എന്നാൽ തന്റെ കരിയറിലെ ഏറ്റവും മികച്ച ഡെലിവറികളിൽ ഒന്ന് സ്റ്റാർക്ക് പുറത്തെടുത്തപ്പോൾ ആ ലോകക്കപ്പിൽ ആദ്യമായി കിവീസ് നായകൻ പൂജ്യത്തിന് മടങ്ങി. തുടർന്ന് ഫോക്ക്നർ ഫൈനൽ തന്റേത് മാത്രമാക്കി മാറ്റിയപ്പോൾ കണ്ണീരോടെ മെൽബൺ നഗരം വിടാനായിരുന്നു മക്കല്ലത്തിന്റെയും കൂട്ടരുടെയും വിധി.

നമുക്ക് ഒരിക്കൽ കൂടി ആ രാജാവിന്റെ കഥയിലേക്ക് വരാം. തന്റെ രക്തം ചീന്തിയാലും ലോകം സ്വന്തമാക്കണമെന്ന് മോഹമായി കടന്ന് വന്നവനായിരുന്നു അയാൾ. എന്നാൽ ആ കുരുക്ഷേത്ര ഭൂമിയിലെ അവസാനത്തെ അങ്കത്തിൽ വീണു പോവാനായിരുന്നു വിധി.അതെ, ലോകം കീഴടക്കാൻ ഇറങ്ങി പുറപ്പെട്ടിട്ട് അവസാന നിമിഷങ്ങളിൽ വീണു പോയ അലക്സാണ്ടറിനെ പോലെ..

Join our WhatsApp group