ഓസ്ട്രേലിയുടെ അപ്രമാദിത്യം ആരംഭിച്ച 99 ലോകക്കപ്പിന്റെ കഥ..
ഏകദിന ലോകകപ്പ് കണ്ട എക്കാലത്തെയും മികച്ച മത്സരവും ഓസ്ട്രേലിയുടെ അപ്രമാദിത്യവും, ഒപ്പം ഒരു പിടി അട്ടിമറികളും ഇന്നും ആർക്കും മനസിലാകാത്ത വിധമുള്ള ഒരു സൂപ്പർ സിക്സ് സ്റ്റേജ് ഫിക്സചറും 1999 ലെ ഏകദിന ലോകക്കപ്പ്. ഐ സി സി യുടെ കീഴിൽ ആദ്യമായി നടക്കപ്പെട്ട ലോകക്കപ്പ്, 1983 ശേഷം ആതിഥേയരായി തിരകെ എത്തിയ ഇംഗ്ലണ്ടും 99 ലോകക്കപ്പിന്റെ സവിശേഷതകൾ ആണ്.
12 ടീമുകൾ,ബംഗ്ലാദേശും സ്കോട്ടലാൻഡും ലോകക്കപ്പിലെ പുതുമുഖങ്ങൾ.ലോകക്കപ്പിൽ ആദ്യമായി സൂപ്പർ സിക്സ് സ്റ്റേജ് ഉൾപ്പെടുത്തി.6 ടീമുകളുടെ രണ്ട് ഗ്രൂപ്പുകളിൽ നിന്ന് ആദ്യത്തെ മൂന്നു സ്ഥാനകാർ സൂപ്പർ സിക്സിലേക്ക്.ഗ്രൂപ്പ് സ്റ്റേജിൽ പോയിന്റ് സൂപ്പർ സിക്സിലേക്കും ക്യാരി ഫോർവേഡ് ചെയ്യപ്പെടുകയും ചെയ്തു.
സംഭവം ബഹുലമായിരുന്നു ആദ്യ റൗണ്ട്. വമ്പൻ അട്ടിമറികളായിരുന്നു ഫസ്റ്റ് റൗണ്ടിൽ സംഭവിച്ചത് .ദക്ഷിണ ആഫ്രിക്കയെയും ഇന്ത്യയെയും തോൽപിച്ച സിംമ്പാവേയും പാകിസ്ഥാനെതിരെ ബംഗ്ലാദേശ് നേടിയ വിജയവുമെല്ലാം ഇതിന് ഉത്തമ ഉദാഹരണമാണ്.96 ലെ പ്രകടനം ആവർത്തിക്കാൻ ലങ്കക്കും ഹോം അനുകൂല്യം മുതലെടുക്കാൻ ഇംഗ്ലണ്ടിനും സാധിച്ചില്ല.
ആദ്യ രണ്ട് മത്സരങ്ങൾ തോൽവി രുചിച്ചു കൊണ്ടാണ് ഓസ്ട്രേലിയ തുടങ്ങിയത്. ഗ്രൂപ്പ് സ്റ്റേജിലെ തുടർന്ന് വന്ന മത്സരങ്ങളിൽ ഏതെങ്കിലും ഒന്ന് തോൽവി അറിഞ്ഞിരുന്നെങ്കിൽ ഓസ്ട്രേലിയ ആദ്യ റൗണ്ടിൽ തന്നെ പുറത്തായനെ.സച്ചിന്റെ കെനിയക്കെതിരെയുള്ള സെഞ്ച്വറിയും ഗാംഗുലി ദ്രാവിഡ് കൂട്ടുകെട്ടുമെല്ലാം 99 ലോകക്കപ്പിലെ നല്ല ഓർമകളാണ്.ദക്ഷിണ ആഫ്രിക്ക നായകൻ ഹാൻസി ക്രോണിയും പേസ് ബൗളേർ അല്ലൻ ഡോണൾഡും ഇന്ത്യക്കെതിരെയുള്ള ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ പരിശീലകൻ ബോബ് വൂള്മറുമായി സംസാരിക്കാൻ റേഡിയോ സിസ്റ്റം ഉപയോഗിച്ചതും ശേഷം അമ്പയർ ഇത് വിലക്കിയതുമെല്ലാം അന്ന് വിവാദമായിരുന്നു.സൂപ്പർ സിക്സ് സ്റ്റേജിലെ മത്സരങ്ങൾ തുടങ്ങുന്നതിന് മുന്നേ ആദ്യ റൗണ്ടിലെ പോയിന്റ് ക്യാരി ഫോർവേഡ് ചെയ്തത് കൊണ്ട് സിംമ്പാവേ ഒന്നാം സ്ഥാനത്ത്.
പക്ഷെ സൂപ്പർ സിക്സിൽ സിംമ്പാവേക്ക് ആ മികവ് തുടരാൻ കഴിഞ്ഞില്ല.സൂപ്പർ സിക്സ് സ്റ്റേജിൽ ഒരു മത്സരം പോലും ജയിക്കാതെ സിമ്പാവേ പുറത്തേക്ക്. പാകിസ്ഥാനോട് മാത്രം ജയിച്ച ഇന്ത്യയും സെമി ഫൈനൽ യോഗ്യത നേടാതെ പുറത്തായി.ഒരൊറ്റ വിജയം മാത്രം കൈയിൽ വെച്ച് ന്യൂസിലാൻഡും, പാകിസ്ഥാനും ഓസ്ട്രേലിയെയും സൗത്ത് ആഫ്രിക്കയും ലോകക്കപ്പ് സെമിയിലേക്ക്. സൂപ്പർ സ്റ്റേജിലെ അവസാന മത്സരത്തിൽ ദക്ഷിണ ആഫ്രിക്ക താരം ഗിബ്ബസ് ഓസ്ട്രേലിയക്കെതിരെ അവരുടെ നായകൻ സ്റ്റീവ് വോയുടെ ക്യാച്ച് പാഴാക്കിയതും തുടർന്ന് "drop the world cup" എന്ന് സ്റ്റീവ് വോ പറഞ്ഞതും ശേഷം ആ മത്സരം വോയുടെ മികവിൽ തന്നെ വിജയിച്ചതുമെല്ലാം സൂപ്പർ സിക്സ് സ്റ്റേജിലെ മികച്ച ഓർമകളാണ്.
ആദ്യ സെമി ഫൈനൽ ന്യൂസിലാൻഡിനെ സായിദ് അൻവറിന്റെ സെഞ്ച്വറി മികവിൽ 9 വിക്കറ്റിന് തകർത്തു കൊണ്ട് പാകിസ്ഥാൻ ഫൈനലിലേക്ക്. രണ്ടാം സെമി ഫൈനൽ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച മത്സരങ്ങളിൽ ഒന്നായിരുന്നു.ടോസ് നേടിയ ദക്ഷിണ ആഫ്രിക്ക നായകൻ ക്രോണിയ ബൌളിംഗ് തിരഞ്ഞെടുത്തു.പൊള്ളോക്കും ഡോണൾഡും കൂടി ഓസ്ട്രേലിയേ തകർത്തു. ഓസ്ട്രേലിയ 213 റൺസിന് പുറത്ത്. പൊള്ളോക്ക് അഞ്ചും ഡോണൾഡ് നാല് വിക്കറ്റും സ്വന്തമാക്കി. ബെവാനും സ്റ്റീവ് വോയും ഓസ്ട്രേലിയക്ക് വേണ്ടി ഫിഫ്റ്റി സ്വന്തമാക്കി.65 റൺസ് നേടിയ ബെവാനായിരുന്നു ടോപ് സ്കോർർ.
ഓസ്ട്രേലിയെയും ഇതേ നാണയത്തിൽ തന്നെ തിരിച്ചടിച്ചു.വോണിന്റെ കുത്തി തിരിഞ്ഞ പന്തുകൾ ദക്ഷിണ ആഫ്രിക്ക ബാറ്റർമാരെ കൂടാരം കയറ്റി കൊണ്ടിരുന്നു.കല്ലിസ് ഫിഫ്റ്റി നേടി.ക്ലൂസ്നർ ആഞ്ഞു അടിച്ചു.മത്സരത്തിലെ അവസാന ഓവർ. ദക്ഷിണ ആഫ്രിക്കക്ക് ജയിക്കാൻ വേണ്ടത് 9 റൺസ്.ഓസ്ട്രേലിയക്ക് ഒരു വിക്കറ്റും.ഫ്ലമിങ് എറിഞ്ഞ ആദ്യത്തെ രണ്ട് പന്തുകൾ ക്ലൂസ്നർ ബൗണ്ടറി കടത്തി. അവസാന നാല് പന്തിൽ ഇനി ജയിക്കാൻ വേണ്ടത് ഒരു റൺസ്.സ്റ്റീവ് വോ ഫീൽഡ് മുഴുവൻ അകത്തിട്ടു.അടുത്ത പന്ത് ഡോട്ട്. നാലാമത്തെ പന്ത് അമിത സമ്മർദ്ദത്തിൽ ക്ലൂസ്നർ പന്ത് പ്രതിരോധിച്ചു റൺസിനായി ഓടി.
എന്നാൽ ഡോണൾഡ് ക്രീസ് വിട്ട് ഇറങ്ങാൻ വൈകിയതോടെ ദക്ഷിണ ആഫ്രിക്കയുടെ പത്താം വിക്കറ്റ് നഷ്ടവും മത്സരം സമനിലയിലേക്കും. ഒടുവിൽ ഗ്രൂപ്പ് സ്റ്റേജിലെ ദക്ഷിണ ആഫ്രിക്കക്കെതിരെയുള്ള വിജയത്തിന്റെ പേരിൽ ഓസ്ട്രേലിയ ഫൈനലിലേക്ക്.ഫൈനൽ തീർത്തും ഏകപക്ഷീയമായിരുന്നു. വോൺ ഒരിക്കൽ കൂടി തന്റെ മാന്ത്രിക പന്തുകൾ പുറത്തെടുത്തപ്പോൾ ഒരു ഏകദിന ലോകക്കപ്പ് ഫൈനലിലെ ഏറ്റവും ചെറിയ സ്കോറിന് പാകിസ്ഥാൻ പുറത്ത്.133 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ വെറും 21 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടക്കുകയും തങ്ങളുടെ രണ്ടാം ലോകകിരീടം സ്വന്തമാക്കുകയും.
ഓസ്ട്രേലിയുടെ അപ്രമാദിത്യം ആരംഭിക്കുന്നത് ഈ ലോകക്കപ്പിൽ നിന്നാണ്. സ്റ്റീവ് വോയിൽ നിന്ന് റിക്കി പോണ്ടിങ്ങിലേക്ക് തുടർന്ന് എതിരാളികൾ ഇല്ലാതെ മാറിയ മൈറ്റി ഓസ്ട്രേലിയുടെ ലോകക്കപ്പുകളും അടുത്ത് ഭാഗത്തിൽ
(കുറച്ചു ലോകക്കപ്പ് വിശേഷങ്ങൾ തുടരും )